ഓരോ വരിയിലും അവസാനഭാഗത്ത് രണ്ടക്ഷരങ്ങൾ ആവർത്തിച്ചു വരുന്നതു കാണാം. പാദാന്ത്യം മറ്റൊരു അക്ഷരത്തിലാകയാൽ പാദാന്ത്യയമകം എന്ന വിശേഷണത്തിന് സാങ്കേതികമായി അർഹതയില്ല, യമകം പലമാതിരി എന്നുപറഞ്ഞ കൂട്ടത്തിലെ പേരിടാത്ത പലതിലൊന്നായി ഇതിനെ കണക്കാക്കാം.
ചായം മായുന്നുമെല്ലേ, കനകഞൊറിമറഞ്ഞംബരം ശാബരം ചേർ-
ന്നായുംനേരത്തു പിന്നെ സ്മരസഖനുണരും ധാത്രിയിൽ രാത്രിയിപ്പോൾ
ചായും തെന്നൽ കുളിർക്കെ പ്രവഹമലയജം പുമരം ചാമരം പോൽ
സായം സന്ധ്യയ്ക്കു ശേഷം തുഹിനമിഴകളായ് കോടമഞ്ഞാടമല്ലം
(ശാബരം - ഇരുട്ട് സ്മരസഖൻ - ചന്ദ്രൻ മല്ലം - മനോഹരം)
പാട്ടും കച്ചേരിയോടും കിളികളിളവിടും താവളം കൂവളത്തിൽ
കേട്ടും താളം സ്വദിച്ചും തരു, ലത, മലരും മന്ദമാ വൃന്ദമാകേ
കൂട്ടും കൂടിക്കലർന്നും സരസരസികരാ പാട്ടുകേട്ടിട്ടു കേളി
കെട്ടും മട്ടൊട്ടുകണ്ടാൽ മുദിതസദിരുമായ് സ്വൈരകാന്താരകാലം
(സദിര് - പാട്ടുകച്ചേരി കാന്താരം - കാട് )
നീഹാരം തൂകി വാനം വിധുവിനുവഴിയിൽ ചാരുതേ പോരു തേരിൽ
സ്നേഹാർദ്രം പാത തോറും പുതുമലരിതളാൽ സംഗതം സ്വാഗതം വാ
ദാഹാധേയത്തിലാടിപ്പടരുമിടയിലാ മുല്ല, തൻചില്ല തന്നിൽ
മോഹാവേശത്തൊടാമ്രപ്രസിതവിനിമയം പാടവത്തോടവയ്ക്കായ്
(സംഗതം - അടുപ്പം/പൊരുത്തം ആധേയം - മറ്റൊന്നിനെ ആശ്രയിച്ചു നിൽക്കുന്നത് ആമ്രം - മാവ് പ്രസിത - ബന്ധിക്കപ്പെട്ട)
തല്ലത്തിൽ ചന്ദ്രബിംബം, കുവലയസഖികൾ പൂത്തനേരത്തനേകം
മുല്ലപ്പൂക്കൾ വിരിഞ്ഞിട്ടൊഴുകി പരിമളം ഹാസമോ രാസമോടെ
ചെല്ലക്കാറ്റിൽ കുണുങ്ങും ശിഖരകരവുമായ് ചെമ്പകക്കമ്പകങ്ങൾ
ചില്ലക്കൊമ്പാടിടുമ്പോളലരു വിതറിടും പേലവത്താലവട്ടം
(കുവലയം - ആമ്പൽ കമ്പകം - ഇരിമ്പകം മരം പേലവ - കോമളമായ)
വെള്ളിച്ചായം നിലാവിന്നലകളിലകളിൽ ചേലിലായാലിലാകേ
വള്ളിപ്പൂന്തൊട്ടിലാടും മിഴിവിനിതളുകൾ കാവിലെപ്പൂവിലെത്ര
കള്ളിപ്പാലയ്ക്കു മാദം, കനവുതിരിയിടും നീരജത്തിൻ രജത്തിൽ
തുള്ളിത്തേനോടെ കൂമ്പുന്നുയിരിനിനിമയിൽ ? താമരയ്ക്കീ മരന്ദം!
(മാദം - സന്തോഷിക്കൽ രജം - പൂമ്പൊടി )
യാമിക്കിന്നെന്തു മോദം രതിരസരുചിരം ചന്ദ്രനോ സാന്ദ്രനോട്ടം
ആമിശ്രപ്രാഭവത്താലവനി മുഴുവനും വെണ്മതന്നുണ്മതന്നെ
ഭൂമിപ്പെണ്ണിന്നുകണ്ടോ പുളകമലരുകൾ മാനിനീ മേനി നീളേ
പ്രേമിക്കുന്നോർക്കു കാണായ് വനിക നിറയുമീ നിത്യസൗഹിത്യസൗഖ്യം
(യാമി - രാത്രി രുചിരം - ഭംഗിയുള്ളത് സൗഹിത്യം - സംതൃപ്തി)
മാസം വാസന്തമന്യേ മദനസദനമീ രാവിനോ ദ്യോവിനോളം
വാസം വാരാർന്നരാഗം കുസുമമസൃണം സൌരഭം പാരഭംഗി
ഭാസം ചന്ദ്രാംശുപൂരം ഗഗനമൊരു കടൽ തത്ര നക്ഷത്രനൻപർ
ലാസം പൂണ്ടോരുരാവിൽ മിഴിവിലഴകെഴും നാകമാണാകമാനം
(അന്യേ - കൂടാതെ )
വൃത്തം: സ്രഗ്ദ്ധര
പ്രാസം: ദ്വിതീയ + അനു + യമകം