ശാർദ്ദൂലവിക്രീഡിതത്തിന് 12ആമത്തെ അക്ഷരം കഴിഞ്ഞു യതിയുണ്ടെന്ന് അറിയാമല്ലോ. 13, 14 എന്നീ അക്ഷരങ്ങൾ ശ്രദ്ധിക്കുക. ഒരേ അക്ഷരങ്ങൾ 4 വരിയിലും ആവർത്തിച്ച് വരുന്നതുകാണാം . കൂടാതെ അഷ്ടപ്രാസവും അങ്ങിങ്ങായി അനുപ്രാസവും
ഛത്രം കൊറ്റവുറ്റവൻ പ്രിയനൊരാൾ പാത്രത്വനെപ്പൂണുവോൾ
ക്ഷേത്രം വീര്യമെടുത്തു പിൻതലമുറ,പ്പാത്രത്തിലിട്ടേകുവോൾ
പുത്രാദിപ്രതിപത്തിയൊടെയവരെ, പ്പാത്രത്തിലൂട്ടീടുവോൾ
ജൈത്രസ്ഥൈര്യവിധം വളർത്തിയ കഥാപാത്രങ്ങളേ വന്ദനം
(ഛത്രം - വെൺകൊറ്റക്കുട;പ്രതാപചിഹ്നം , കൊറ്റം - അധീശത്വം പൂണുക - പ്രാപിക്കുക ക്ഷേത്രം - ഭാര്യ)
കഞ്ചം മാറിലണിഞ്ഞവൾ കടിതടം പഞ്ചാസ്യവൈശിഷ്ട്യവും
സഞ്ചാരം തുടുരാജഹംസവടിവിൽ പഞ്ചാസ്ത്രനുട്ടങ്കനം
കൊഞ്ചും ശിഞ്ജിതനാദമുണ്ടു വരവിൽ പഞ്ചാരതന്നെ സ്വരം
നെഞ്ചിൽ വെള്ളിടിവെട്ടിപോൽ കണവനോ പഞ്ചാരികേൾക്കാം തുടി
(കടിതടം - അരക്കെട്ട് പഞ്ചാസ്യം - സിംഹം പഞ്ചാസ്ത്രൻ - കാമദേവൻ ഉട്ടങ്കനം - കൊത്തിവെച്ച)
തിങ്കൾ ഭൂമിയൊടെന്നപോലെ പതി തൻ പങ്കാളിയായ് മങ്ക നിൻ
കങ്കാണം ഭ്രമണത്തിലൂടനുദിനം, പങ്കായി നിൻ പ്രാഭവം
സങ്കീർണപ്രതിസന്ധിയിൽ തുഴയുവാൻ പങ്കായവും നിൻ മതി
സങ്കല്പോന്നതലോകമേറിയണയാൻ പങ്കാരവും നീ മതി
(കങ്കാണം - മേൽനോട്ടം മതി - ബുദ്ധി പങ്കാരം - ഏണി)
ഒട്ടേറേ പ്രതിബന്ധമാലെദുരിതം കെട്ടിച്ചമയ്ച്ചാലുമേ
വിട്ടിട്ടോടുകയില്ല, തെല്ലുമവളാ കെട്ടിച്ചുവിട്ടോരിടം
പൊട്ടാതുള്ളിലെ നൊമ്പരം തടയണക്കെട്ടിട്ടുനിർത്തുമ്പൊഴും
കെട്ട്യോൻ, കുട്ടി, കുടുംബമാണു ചരടിൻ കെട്ടിന്റെയറ്റത്തിലായ്
(ചരട് - താലി)
മൊത്തം വീടുഭരിച്ചിടുന്നസമയം പത്താണുകൈകൾ, തഥാ
എത്തും നിന്നുടെകണ്ണുകൾ കലവറ,പ്പത്തായ,മട്ടത്തിലും
മത്തേഭം കലികൊണ്ടപോലെവരുമാപത്താണു ദേഷ്യത്തിൽ ഹാ
തിത്തെയ് താണ്ഡവമാടിയൊന്നലറിയാൽ പത്താനനൻ തോറ്റിടും!
(മത്തേഭം - മദയാന പത്താനനൻ - 10 മുഖങ്ങളുള്ളവൻ)
വല്ലപ്പോഴുമെഴുന്ന രോഗവിഷമം വല്ലാത്തൊരസ്വസ്ഥത
തെല്ലും വിശ്രമമന്നുമില്ല മഹിതേ, വല്ലായ്മ സുല്ലിട്ടിടും
നല്ലോമൽച്ചിരി തൂകിടുന്നിളനിലാവല്ലാതെയില്ലേതുമേ
വെല്ലാൻ വെല്ലുവിളിച്ചിടാനുതകിടും വല്ലാത്മസംഭാവിതം
(വല്ല - ബലം/ശക്തി
സന്തുഷ്ടപ്രതിദാനമോടെ കുലമേ സന്താപമാറ്റീടുവാൻ
സ്വന്തം വംശപരമ്പരയ്ക്കു ജനനം സന്താനകംതന്നെ നീ
തന്തുസ്യന്ദമെഴുന്നു നൊന്തു തരുമീ സന്താനസൗഭാഗ്യവും
പിന്താങ്ങായൊരു മന്ദഹാസമരുളേ സന്താരണം വാഴ്വിലും
(പ്രതിദാനം - ഏറ്റുവാങ്ങി മറ്റൊന്ന് കൊടുക്കൽ തന്തു - സന്തതി/വംശപരമ്പര സ്യന്ദം - ഉറവെടുക്കൽ സന്താരണം - തരണം ചെയ്യൽ സന്താനകം - കല്പവൃക്ഷം )
നാക്കിൽ വീറൊടു നീതിബോധമറിവും വാർക്കുന്നു പൈതങ്ങളിൽ
വാക്കിൻശക്തി വിവേകമോടെയരുളായ് വാർക്കുന്നു ലോകത്തെയും
നോക്കിൽ തീയു,മതിന്റെചൂടണയുവാൻ വാർക്കുന്നതോ കണ്ണുനീർ
തോൽക്കാതുള്ളിലൊരോമലാം കനവുകൾ വാർക്കുന്നതാണഷ്ടിയും
(വാർക്കുക : ചെലുത്തുക/അച്ചിൽ ഉണ്ടാക്കുക/ഒഴുക്കുക/അരി വാർക്കുക അഷ്ടി - ചോറ്)
വൃത്തം: ശാർദ്ദൂലവിക്രീഡിതം
പ്രാസം : അഷ്ടപ്രാസം + യമകം