ജഗതി ഛന്ദസ്സിൽ ഉൾപ്പെടുന്ന ഒരു സമവൃത്തമാണു് മണിമാല. 6 വീതം രണ്ടായി ഓരോവരിയും മുറിയുന്നു, അതുകൊണ്ടുതന്നെ അഷ്ടപ്രാസം ഈ വൃത്തത്തിൽ എളുപ്പം കൊണ്ടുവരാനാകും. 2, 8 എന്നീസ്ഥാനങ്ങളിൽ ഒരേ അക്ഷരം ആവർത്തിക്കുന്നു.
വാടാമലരിൽ നിന്നീടാക്കിയ കാന്തി
ചൂടാത്തൊരു പൂവിൻ തേടാത്തൊരു ഗന്ധം
പാടാത്തൊരു പാട്ടിൻ നീടാകെനിറച്ചും
നേടാമിതു നേരിൻ വീടായ് മനമെൻ്റെ
(നീട് - അഴക്/ശോഭ)
ആരാമസമാനം വാരായ് മനമെല്ലാം
എൻ രാഗവസന്തം കാൺ രാജിതഭാവം
ഓരാതൊരു ചൈത്രം തൻ രാസനികുഞ്ജം
തീരാമുകുളങ്ങൾ പോരാ പുളകങ്ങൾ
(വാര്- ഭംഗി ഓരാതെ - ഓർക്കാതെ ചൈത്രം - വസന്തം)
എൻ കീർത്തനധാരയ്ക്കേകീ പുതുമയ്ക്കായ്
കേൾ കീരമൊഴിയ്ക്കിന്നേകീകൃതനാദം
നാകീയസരിത്തായ് പാകീ ശ്രുതിയെന്നിൽ
പുൽകീയതിനോളംതൂകീയനുഭൂതി
(കീരമൊഴി - കിളിമൊഴി ഏകീകൃത - ഒന്നുപോലാക്കിയ നാകീയ സരിത്ത് - സ്വർഗ്ഗീയ നദി)
എൻ ചാതുരിനീന്തും വൈചാരികതന്തു
ആചാരികമാകെ,പ്പോയ് ചാപലമെല്ലാം
ആ ചാർന്നപദങ്ങൾ ഹാ! ചാറിയിറങ്ങി
തൻ ചാരുതതിങ്ങും വാചാലവികാശം
(ആചാരികം - ദിനചര്യ ചാർന്ന ചാര്‍ച്ചയുള്ള, ബന്ധുതയുള്ള
വികാശം - സന്തോഷം/ ജയിച്ചടക്കിയപ്രദേശം വാചാലതയാൽ ജയിച്ച അക്ഷരലോകം എന്ന അർത്ഥത്തിൽ)
ഏതോ പുതുബോധം പെയ്തോരറിവോലും
ചേതോഹരസത്തിൻ ശീതോത്തമസിന്ധു
ഭൂതോദയമായിട്ടീ തോഷമകത്തായ്
നെയ്തോരഴകോലും നീതോജ്വലലോകം
(ശിതോത്തമം - വെള്ളം ഭൂതോദയം - പെട്ടെന്നുള്ള തോന്നൽ/ കാരണംകൂടാതെയുണ്ടാകുന്ന തോന്നല്‍ തോഷം - സന്തോഷം നീതം - ധ്യാനം)
കാണാനഴകേറും കാണാത്തൊരു ലോകം
പൂണാരസമാനം കാണായിവനെന്നോ
ശോണാർദ്രഹൃതന്തം കേണാലതൊരീണം
ചേണാർന്നുടനീളം വീണാമണിനാദം
( പൂണാരം - വംശത്തിനോ സമൂഹത്തിനോ അലങ്കാരമായ വ്യക്തി ശോണം - കുങ്കുമം/ചുവപ്പ് ചേണ് - അഴക്/ തിളക്കം)
ധീ ദാനുവിലെന്നാൽ കേദാരവിചിന്ത
സൗദാമിനിമിന്നും താദാത്മ്യമൊടുള്ളിൽ
ആദായനിമാനം ആദാനവിചാരം
മോദാനുഭവത്തിൻ സ്വാദാണതിനെന്നോ
(ധീ - ബുദ്ധി ദാനു - തൃപ്തി കേദാരം - കൃഷിസ്ഥലം വിചിന്ത - പലപലചിന്തകൾ
സൗദാമിനി - മിന്നൽ നിമാനം - വില/അളവ് ആദാനം - കൊള്ളൽ/ എടുക്കൽ/വാങ്ങൽ )
കൂലങ്കഷചിന്ത സ്ഥൂലപ്പെരുധാര
ചോലയ്ക്കുസമം വന്നോലക്കവുമുണ്ടേ
ആലക്തികമായിട്ടെൻ ലക്ഷിതബോധം
കാലത്തിനതീതം ശീലല്ലെ മനസ്സിൽ
( കൂലങ്കഷം - ഊക്കോടുകൂടിയ ഒഴുക്ക് സ്ഥൂലം - തടിച്ച ഓലക്കം - ഭംഗി, അഴക്, പ്രൗഢി ആലക്തിക - വിദ്യുച്ഛക്തിസംബന്ധമായ /മിന്നൽ മിന്നിയപോലെയെന്നു വിവക്ഷ ലക്ഷിത - വേര്‍തിരിച്ചറിഞ്ഞ/നിര്‍വചിക്കപ്പെട്ട)
ആ മന്ത്രണമുള്ളിൽ സാമർത്ഥ്യമൊടെന്നിൽ
ധാമത്തൊടെ പൂത്തിട്ടീ മഞ്ജുളവാക്കായ്
സാമന്തവിഹീനം ക്ഷേമത്തൊടെ മേവാൻ
ശ്യാമത്തിരമാറ്റും സാമഗ്രികളോ ചൊൽ
(ധാമം - പ്രഭാവം സാമന്ത - അതിരുകളുള്ള)
അഞ്ചാതിവനുള്ളിൽ പിഞ്ചായൊരു സൂക്തം
ചാഞ്ചാടി വിടർന്നും തഞ്ചാനിടവന്നാൽ
നെഞ്ചാകെ നിറയ്ക്കും സഞ്ചാലകഭേരി
പഞ്ചാരി മുഴക്കാം വെഞ്ചാമരമേന്തി
(അഞ്ചുക - പതറുക/ശങ്കിക്കുക സഞ്ചാലക - ചലിപ്പിക്കുന്ന, (പ്രവര്‍ത്തനങ്ങള്‍) നടത്തുന്ന ഭേരി - വാദ്യം/മേളം)
വൃത്തം: മണിമാല
പ്രാസം: അഷ്ടപ്രാസം