ചെരിച്ച് എഴുതിയഭാഗം സമസ്യയെ സൂചിപ്പിക്കുന്നു
നിരന്നോരു മാകന്ദമന്ദാരവൃന്ദം
കുരംഗാക്ഷി ദൂരെ, ത്വരയ്ക്കില്ലടക്കം
സ്മരൻ തീർത്തഹർമ്യം ശശാങ്കൻ നിലാവും
പരത്തുന്നകാര്യം പറഞ്ഞാൽ പ്രയാസം
വൃത്തം: ഭുജംഗപ്രയാതം
ഉത്തമാംഗന പകുത്തൊരുദേഹം
നർത്തനാലസിതനിത്തരുണത്തിൽ
ഹൃത്തടത്തിനു നിരത്തിയതത്വം
ചിത്തതാരിലതൊരുൾപ്പുളകം താൻ
വൃത്തം: സ്വാഗത
ഹരിശങ്കരജപമില്ലൊരു രസമാ
പരിരംഭണസുഖമാണൊരു ഹരവും
പരിവേദനഹിതമായ്ക്കരുതിടണേ
പരിദേവനമിതുവൈകരുതറിയാൻ
വൃത്തം: ദൂഷണഹരണം
ലീലാവിലോലമലരാടി വിലാസലാസ്യം
കല്ലോലിനീതടലലാമ കലാപിനൃത്തം
ചേലാർന്നുപല്ലവി വിലീനവിലോഭനം പോൽ
ഉല്ലാസമായിനിയുമാടുക കൂട്ടരേ നാം
വൃത്തം: വസന്തതിലകം
കളി ചിരി കുസൃതിയ്ക്കും സീമകൾ നല്ലതത്രേ
പൊളിവചനവിനോദം കേവലം നർമ്മമായും
കളികളവമുഴുക്കേയന്യദ്രോഹത്തിനാകാ
കളിയൊരളവുവിട്ടാൽ കാര്യമായ് മാറിയേക്കാം
പൊളിവചനവിനോദം കേവലം നർമ്മമായും
കളികളവമുഴുക്കേയന്യദ്രോഹത്തിനാ
കളിയൊരളവുവിട്ടാൽ കാര്യമായ് മാറിയേക്കാം
വൃത്തം : മാലിനി
പതിരല്ലിതു പരദൂഷണമിതിലില്ലൊരു ശകലം
പതിയൻപൊടെയുരിയാടിടുകയുമില്ലൊരു കലഹം
പതിയേ മൊഴിയരുതോ പരിസരമൊട്ടൊരു ബഹളം
പതിവായിതു തുടരുന്നതു തടയാനിനി വരണേ
വൃത്തം: ശങ്കരചരിതം
നിടിലനയനദേവാ നിൻകൃപാധാര ഗംഗാ-
തടിനികളിയെ വന്നാലുള്ളിലോ ചിത് പ്രകാശം
കുടിലമനമുണർത്തും കാമലോഭാദിപങ്കം
മുടിയുമൊരു നിമേഷം കാണുവാനാഗ്രഹം മേ
വൃത്തം : മാലിനി
കൊടകര, ഗുരുവായൂർ, തൃപ്രയാർ പോണ പോക്കിൽ
കുമരക,മെഴുപുന്ന,ക്കോട്ടയം വാഗമണ്ണും
തൊടുപുഴയടിമാലി,ത്തേക്കടി,ത്തെൻമല, പ്പൊൻ-
മുടിയുമൊരു നിമേഷം കാണുവാനാഗ്രഹം മേ
വൃത്തം : മാലിനി
കണ്ണുകളാലിന്നറിവതു ദൃശ്യം
കണ്ണിലെ ദൃശ്യം മനമിതു കാൺമൂ
വൃത്തികളുംകാൺകൊരു പൊരുളും ഞാൻ
കാണണമെന്നാണിവനുടെ മോഹം
വൃത്തം: മൗക്തികമാല
കിർമ്മീരകാന്തി ചൊരിയും മമ ശാരികേ നീ
ചെമ്മാർന്നു പാറിവരുവാൻ മലയാള വാനിൽ
ചെമ്മാനശോഭയഴകിട്ടൊരു കാവ്യമാകാൻ
ചെമ്മേ വളർത്തി വലുതാക്കുക മോദപൂർവ്വം
വൃത്തം: വസന്തതിലകം
ബുദ്ധി കൊണ്ടുമറിയാവതല്ല കേൾ
ബദ്ധമർത്യ പരമാർത്ഥമാം പൊരുൾ
ഋദ്ധിതേടിയ മുമുക്ഷുപാതയിൽ
ബുദ്ധി തന്റെ വരുതിക്കുവന്നിടാവൃത്തം: രഥോദ്ധത