പ്രകൃതി (21) എന്ന ഛന്ദസ്സിൽ ഉൾപ്പെട്ട ഒരു സമവൃത്തമാണ് #കുമുദിനി. ലക്ഷണം കൊടുത്തിരിക്കുന്നത് നഭനഭം നഭരമൊടു ചേർന്നതു് കുമുദിനീസമഭിഖ്യമാം. യതി ഉൾപ്പെട്ടതായി ലക്ഷണത്തിൽ പറയുന്നില്ല. പക്ഷെ ഈ വൃത്തത്തിൻ്റെ സുഖകരമായ ഒഴുക്ക് കിട്ടണമെങ്കിൽ 6, 12, എന്നീ സ്ഥാനങ്ങളിൽ യതി കൊടുക്കുന്നതാണ് നല്ലത്. അങ്ങനെ ലക്ഷണത്തിൽ ഇല്ലാത്ത യതി സ്വയമേ കൊടുത്ത് ഷോഡശപ്രാസത്തിലാണ് താഴെക്കാണുന്ന കവിത എഴുതിയിരിക്കുന്നത്. സ്വരഭേദം വരുത്താതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.
പദതല്ലജങ്ങൾ
മറവിതൻ തമമറയകറ്റിയ നിറവു് മാനസമൂറവേ
കറകളഞ്ഞതിലുറവിനാൽ പുതുനിറമുതിർന്നതിലേറവേ
പിറകെ ചേതന പറവപോലിരുചിറകടിച്ചഥ പാറവേ
പറയുവാൻ, മഴ പിറവിയായ്, തലമുറ പകർന്നതു് ചാറലായ്
കറകളഞ്ഞതിലുറവിനാൽ പുതുനിറമുതിർന്നതിലേറവേ
പിറകെ ചേതന പറവപോലിരുചിറകടിച്ചഥ പാറവേ
പറയുവാൻ, മഴ പിറവിയായ്, തലമുറ പകർന്നതു് ചാറലായ്
(തമ - ഇരുട്ട് ഉറവ് - ഉണർച്ച, ഉണർവ് ചേതന - ബുദ്ധി, ബോധം അഥ - അതിനുശേഷം)
അമിഷമോഹനഹിമിക വീണനുനിമിഷമൂറിവരാമിനി
ഭ്രമിതമാനസതിമിരമാറ്റിയ സുമിതി തന്നഭികാമികം
സ്തിമിതവീക്ഷണമുമിയെരിച്ചതു ശമിതമുർമുരനിർമിതി
കുമിയുമാന്തര സമിതനിർവൃതി,കിമിതിതേടുവതെൻ മിഴി?
ഭ്രമിതമാനസതിമിരമാറ്റിയ സുമിതി തന്നഭികാമികം
സ്തിമിതവീക്ഷണമുമിയെരിച്ചതു ശമിതമുർമുരനിർമിതി
കുമിയുമാന്തര സമിതനിർവൃതി,കിമിതിതേടുവതെൻ മിഴി?
(അമിഷ - കാപട്യമില്ലാത്ത ഹിമിക - മഞ്ഞ് സുമിതി - ശരിയായ ധാരണ അഭികാമികം - ആഗ്രഹിക്കത്തക്ക സ്തിമിത - ഇളക്കമില്ലാത്ത ശമിത - ശമിച്ച മുർമുരം - ഉമിത്തീയ് സമിത - ഒന്നിച്ചുകൂടിയ കിമിതി - എന്തിനായിട്ട്? )
പരിമളം തരുമരിയ ഭാവുകഖരിക തൂകിയ പോരിമ
ത്വരിതമേകുക വരികളായവ കിരി ചൊരിഞ്ഞക മാരി പോൽ
ശരി നിരന്നിതു സരിതമൊത്തൊരു പുരിസമാഹൃത വാരിയായ്
വരിക തേന്മൊഴിതരിക നീ ലിപി ചൊരിയുകെൻ പ്രിയശാരികേ
(ഖരിക - കസ്തൂരി, പോരിമ - കഴിവ്, സരിത - അനായാസമായ/
ത്വരിതമേകുക വരികളായവ കിരി ചൊരിഞ്ഞക മാരി പോൽ
ശരി നിരന്നിതു സരിതമൊത്തൊരു പുരിസമാഹൃത വാരിയായ്
വരിക തേന്മൊഴിതരിക നീ ലിപി ചൊരിയുകെൻ പ്രിയശാരികേ
(ഖരിക - കസ്തൂരി, പോരിമ - കഴിവ്, സരിത - അനായാസമായ/
ഒഴുക്കുള്ള , പുരി - നദി സമാഹൃത - സമാഹരിക്കപ്പെട്ട, വാരി - വെള്ളം/കടൽ,)
കളിനിറത്തിലെ ചെളിയിലൂടൊരു തെളിമ തേടിയ നാളിക
തളിരിളം നവനളിനമാ,യവ വെളിയിലെത്തി മൃണാളിനി
ഒളി വിടർത്തിയ ലളിതമാം പദമിളിതതല്ലജ കേളിയാൽ
കിളിമകൾക്കിതു കളിനിലം പുതുപുളിനമിന്നിതിലാളിടും
(കളിനിറം - ഇരുണ്ട നിറം നാളിക - പൊള്ളയായ തണ്ട് മൃണാളിനി - താമരക്കൂട്ടം കളിനിലം - വിഹാരസ്ഥലം ആളുക - ഭരിക്കുക, നിയന്ത്രിക്കുക)
തകരുമാതുര സകലദീനത, പകരമെത്തി വിഭാകരൻ
പ്രകരസംഗതവികചസങ്കുലമകമനസ്സു നിപാകമായ്
പ്രകടമായൊരു മികവിനാഗതി, വകതിരിഞ്ഞവനാകയാൽ
മുകരിവെൺനറു തികവെഴും പദനികരമായ സുധാകരം
(പ്രകര - അധികം ചെയ്യുന്ന സംഗത - കൂടിച്ചേർന്ന/പരസ്പരപൂരകമായ വികചം - വിരിഞ്ഞത് നിപാകം - പൂർണവിളവാകൽ സങ്കുല - തിങ്ങി നിറഞ്ഞ നിപാകം ആഗതി - വരവ്/നേട്ടം മുകരി- മുല്ല നികരം - സ്വത്ത് സുധാകരം - സമുദ്രം)
സ്മൃതിയിലൂറിയ കതിരുമായുപചിതി തരുന്നനുഭൂതികൾ
ശ്രുതിയിലാത്മക ജതികളാക്കുകിലിതിലുമുണ്ടു് വിഭൂതികൾ
അതിമനോഹര മിതിനിയന്ത്രിത ഗതിയിലാക്കിയ ഗീതിയിൽ
പുതിയ ഭാവന പൊതിയു വർണ്ണന പതിവിലും പല മാതിരി
(ഉപചിതി- ഐശ്വര്യം/കൂട്ടിവയ്പ്പ്, വിഭൂതി - ശക്തി/സൃഷ്ടി)
ജ്വലിതമുദ്ഗമകലിതകല്പന ദലിതവർണ്ണന ചേലിലായ്
കലികസാമ്യത, പൊലിമയുണ്ടതിലലിയുമുണ്മവശാലിവൻ
തലിനപല്ലവ കലിലകൂബര വലിതചാതുരിയാൽ ലിപം
സലിലനിർമ്മലതുലിതമാം മഷി, ചലിതമെന്നുടെ തൂലിക
(ഉദ്ഗമ - സൃഷ്ടി/മേൽപ്പോട്ടുയരൽ കലിത - അറിയപ്പെട്ട, മനസ്സിലാക്കപ്പെട്ട ദലിത - വിരിഞ്ഞ/തുറന്ന തലിന - മൃദുവായ കലില - നിറഞ്ഞ/ പൊതിഞ്ഞ കൂബര - സുന്ദരമായ വലിത - ചുറ്റപ്പെട്ട ലിപം - പൂശൽ, പുരട്ടൽ സലിലം - വെള്ളം തുലിത - തുല്യമാക്കപ്പെട്ട)
അനിലസൗരഭ പനിമലർവനമനിശചാരുത ദൈനികം
തനിമയോടിതിലിനിമ ചേർക്കുക,യിനിമുതൽക്കവധാനി ഞാൻ
മനിതമാം മധു കിനിയുമാ സ്വരവിനിമയം, കൃതവാനിവൻ
സനിതസൗഭഗ വനികയിൽ പദധനികനായനുമാനിതം
(അനിശം - എല്ലായെപ്പോഴും ദൈനികം - ദിനം തോറും അവധാനി - ശ്രദ്ധയുള്ളവൻ മനിത - മതിക്കപ്പെട്ട കൃതവാൻ - ഉണ്ടാക്കിയവൻ)
വിവിധവർണ്ണന കവിയുമാചിത സവിധമെത്തിടുകിൽ വിഭോ
ദ്രവിണസാന്ദ്രവുമവികലം പദപവിതസഞ്ചിതി പൂവിടും
കവിതയാം നദി ജവിനധാരയിലവിരതം ഭുവി താവിടും
ഭവികമാം മണി, പവിഴരാജികളവിടെ ചാരുത തൂവിടും
(ഭവികം - മംഗളം ആചിത - ശേഖരിക്കപ്പെട്ട ദ്രവിണം - സാരാംശം/സത്ത് പവിതം - ശുദ്ധീകരിക്കപ്പെട്ട ജവിനം - വേഗമുള്ള അവിരതം - എപ്പോഴും താവുക - പരക്കുക )
വൃത്തം : കുമുദിനി
പ്രാസം : ഷോഡശപ്രാസം
യതി ഉൾപ്പെടുത്തിയ കുമുദിനീലക്ഷണം ഇങ്ങനെ മാറ്റിയെഴുതുന്നു.
നഭയതിയ്ക്കതു നഭപുനർയതി കുമുദിനീ നഭരം വരും
No comments:
Post a Comment