പ്രകൃതി (21) എന്ന ഛന്ദസ്സിൽ ഉൾപ്പെട്ട ഒരു സമവൃത്തമാണ് #കുമുദിനി. ലക്ഷണം കൊടുത്തിരിക്കുന്നത് നഭനഭം നഭരമൊടു ചേർന്നതു് കുമുദിനീസമഭിഖ്യമാം. യതി ഉൾപ്പെട്ടതായി ലക്ഷണത്തിൽ പറയുന്നില്ല. പക്ഷെ ഈ വൃത്തത്തിൻ്റെ സുഖകരമായ ഒഴുക്ക് കിട്ടണമെങ്കിൽ 6, 12, എന്നീ സ്ഥാനങ്ങളിൽ യതി കൊടുക്കുന്നതാണ് നല്ലത്. അങ്ങനെ ലക്ഷണത്തിൽ ഇല്ലാത്ത യതി സ്വയമേ കൊടുത്ത് ഷോഡശപ്രാസത്തിലാണ് താഴെക്കാണുന്ന കവിത എഴുതിയിരിക്കുന്നത്. സ്വരഭേദം വരുത്താതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.
പദതല്ലജങ്ങൾ
മ
റവിതൻ തമമ
റയകറ്റിയ നി
റവു് മാനസമൂ
റവേ
ക
റകളഞ്ഞതിലു
റവിനാൽ പുതുനി
റമുതിർന്നതിലേ
റവേ
പി
റകെ ചേതന പ
റവപോലിരുചി
റകടിച്ചഥ പാ
റവേ
പ
റയുവാൻ, മഴ പി
റവിയായ്, തലമു
റ പകർന്നതു് ചാ
റലായ്
(തമ - ഇരുട്ട് ഉറവ് - ഉണർച്ച, ഉണർവ് ചേതന - ബുദ്ധി, ബോധം അഥ - അതിനുശേഷം)
അ
മിഷമോഹനഹി
മിക വീണനുനി
മിഷമൂറിവരാ
മിനി
ഭ്ര
മിതമാനസതി
മിരമാറ്റിയ സു
മിതി തന്നഭികാ
മികം
സ്തി
മിതവീക്ഷണമു
മിയെരിച്ചതു ശ
മിതമുർമുരനിർ
മിതി
കു
മിയുമാന്തര സ
മിതനിർവൃതി,കി
മിതിതേടുവതെൻ
മിഴി?
(അമിഷ - കാപട്യമില്ലാത്ത ഹിമിക - മഞ്ഞ് സുമിതി - ശരിയായ ധാരണ അഭികാമികം - ആഗ്രഹിക്കത്തക്ക സ്തിമിത - ഇളക്കമില്ലാത്ത ശമിത - ശമിച്ച മുർമുരം - ഉമിത്തീയ് സമിത - ഒന്നിച്ചുകൂടിയ കിമിതി - എന്തിനായിട്ട്? )
പ
രിമളം തരുമ
രിയ ഭാവുകഖ
രിക തൂകിയ പോ
രിമ
ത്വ
രിതമേകുക വ
രികളായവ കി
രി ചൊരിഞ്ഞക മാ
രി പോൽ
ശ
രി നിരന്നിതു സ
രിതമൊത്തൊരു പു
രിസമാഹൃത വാ
രിയായ്
വ
രിക തേന്മൊഴിത
രിക നീ ലിപി ചൊ
രിയുകെൻ പ്രിയശാ
രികേ
(ഖരിക - കസ്തൂരി, പോരിമ - കഴിവ്, സരിത - അനായാസമായ/
ഒഴുക്കുള്ള , പുരി - നദി സമാഹൃത - സമാഹരിക്കപ്പെട്ട, വാരി - വെള്ളം/കടൽ,)
ക
ളിനിറത്തിലെ ചെ
ളിയിലൂടൊരു തെ
ളിമ തേടിയ നാ
ളിക
ത
ളിരിളം നവന
ളിനമാ,യവ വെ
ളിയിലെത്തി മൃണാ
ളിനി
ഒ
ളി വിടർത്തിയ ല
ളിതമാം പദമി
ളിതതല്ലജ കേ
ളിയാൽ
കി
ളിമകൾക്കിതു ക
ളിനിലം പുതുപു
ളിനമിന്നിതിലാ
ളിടും
(കളിനിറം - ഇരുണ്ട നിറം നാളിക - പൊള്ളയായ തണ്ട് മൃണാളിനി - താമരക്കൂട്ടം കളിനിലം - വിഹാരസ്ഥലം ആളുക - ഭരിക്കുക, നിയന്ത്രിക്കുക)
ത
കരുമാതുര സ
കലദീനത, പ
കരമെത്തി വിഭാ
കരൻ
പ്ര
കരസംഗതവി
കചസങ്കുലമ
കമനസ്സു നിപാ
കമായ്
പ്ര
കടമായൊരു മി
കവിനാഗതി, വ
കതിരിഞ്ഞവനാ
കയാൽ
മു
കരിവെൺനറു തി
കവെഴും പദനി
കരമായ സുധാ
കരം
(പ്രകര - അധികം ചെയ്യുന്ന സംഗത - കൂടിച്ചേർന്ന/പരസ്പരപൂരകമായ വികചം - വിരിഞ്ഞത് നിപാകം - പൂർണവിളവാകൽ സങ്കുല - തിങ്ങി നിറഞ്ഞ നിപാകം ആഗതി - വരവ്/നേട്ടം മുകരി- മുല്ല നികരം - സ്വത്ത് സുധാകരം - സമുദ്രം)
സ്മൃ
തിയിലൂറിയ ക
തിരുമായുപചി
തി തരുന്നനുഭൂ
തികൾ
ശ്രു
തിയിലാത്മക ജ
തികളാക്കുകിലി
തിലുമുണ്ടു് വിഭൂ
തികൾ
അ
തിമനോഹര മി
തിനിയന്ത്രിത ഗ
തിയിലാക്കിയ ഗീ
തിയിൽ
പു
തിയ ഭാവന പൊ
തിയു വർണ്ണന പ
തിവിലും പല മാ
തിരി
(ഉപചിതി- ഐശ്വര്യം/കൂട്ടിവയ്പ്പ്, വിഭൂതി - ശക്തി/സൃഷ്ടി)
ജ്വ
ലിതമുദ്ഗമക
ലിതകല്പന ദ
ലിതവർണ്ണന ചേ
ലിലായ്
ക
ലികസാമ്യത, പൊ
ലിമയുണ്ടതില
ലിയുമുണ്മവശാ
ലിവൻ
ത
ലിനപല്ലവ ക
ലിലകൂബര വ
ലിതചാതുരിയാൽ
ലിപം
സ
ലിലനിർമ്മലതു
ലിതമാം മഷി, ച
ലിതമെന്നുടെ തൂ
ലിക
(ഉദ്ഗമ - സൃഷ്ടി/മേൽപ്പോട്ടുയരൽ കലിത - അറിയപ്പെട്ട, മനസ്സിലാക്കപ്പെട്ട ദലിത - വിരിഞ്ഞ/തുറന്ന തലിന - മൃദുവായ കലില - നിറഞ്ഞ/ പൊതിഞ്ഞ കൂബര - സുന്ദരമായ വലിത - ചുറ്റപ്പെട്ട ലിപം - പൂശൽ, പുരട്ടൽ സലിലം - വെള്ളം തുലിത - തുല്യമാക്കപ്പെട്ട)
അ
നിലസൗരഭ പ
നിമലർവനമ
നിശചാരുത ദൈ
നികം
ത
നിമയോടിതിലി
നിമ ചേർക്കുക,യി
നിമുതൽക്കവധാ
നി ഞാൻ
മ
നിതമാം മധു കി
നിയുമാ സ്വരവി
നിമയം, കൃതവാ
നിവൻ
സ
നിതസൗഭഗ വ
നികയിൽ പദധ
നികനായനുമാ
നിതം
(അനിശം - എല്ലായെപ്പോഴും ദൈനികം - ദിനം തോറും അവധാനി - ശ്രദ്ധയുള്ളവൻ മനിത - മതിക്കപ്പെട്ട കൃതവാൻ - ഉണ്ടാക്കിയവൻ)
വി
വിധവർണ്ണന ക
വിയുമാചിത സ
വിധമെത്തിടുകിൽ
വിഭോ
ദ്ര
വിണസാന്ദ്രവുമ
വികലം പദപ
വിതസഞ്ചിതി പൂ
വിടും
ക
വിതയാം നദി ജ
വിനധാരയില
വിരതം ഭുവി താ
വിടും
ഭ
വികമാം മണി, പ
വിഴരാജികള
വിടെ ചാരുത തൂ
വിടും
(ഭവികം - മംഗളം ആചിത - ശേഖരിക്കപ്പെട്ട ദ്രവിണം - സാരാംശം/സത്ത് പവിതം - ശുദ്ധീകരിക്കപ്പെട്ട ജവിനം - വേഗമുള്ള അവിരതം - എപ്പോഴും താവുക - പരക്കുക )
വൃത്തം : കുമുദിനി
പ്രാസം : ഷോഡശപ്രാസം
യതി ഉൾപ്പെടുത്തിയ കുമുദിനീലക്ഷണം ഇങ്ങനെ മാറ്റിയെഴുതുന്നു.
നഭയതിയ്ക്കതു നഭപുനർയതി കുമുദിനീ നഭരം വരും