Saturday, October 17, 2026

അരുണമണി

അതിശക്വരി (15) എന്ന ഛന്ദസ്സിൽ ഉൾപ്പെട്ട ഒരു സമവൃത്തമാണ് #ശശികലാ. തുടർച്ചയായി 14 ലഘുക്കളും ഒടുക്കം ഒരേയൊരു ഗുരുവും ചേർത്താൽ #ശശികല ആയി. കാകളി വൃത്തത്തിന് പല ഭേദങ്ങളുണ്ട്. ആദ്യഗണത്തിൽ 5 ലഘു അക്ഷരങ്ങൾ കൊണ്ട് 5 മാത്രയും പിന്നെ 3 അക്ഷരങ്ങൾ കൊണ്ട് 5 മാത്രയും പിന്നെ 5 ലഘുക്കളെക്കൊണ്ട് 5 മാത്രയും പീന്നെയും 3 അക്ഷരങ്ങൾ കൊണ്ട് 5 മാത്രയും കൊടുക്കുന്ന രീതി #മിശ്രകാകളി എന്ന് അറിയപ്പെടുന്നു. മിശ്രകാകളിയും ശശികലയും ചേർത്ത വൃത്തമാലികയാണിത്.



അരുണമണി പോലതാ വരുമഖില ദീപമായ് 
തിരുവുടയ ബിംബമായുദയഗിരി മേലെയായ്
ഇരുളിനല മാറ്റിടാൻ പ്രഭ നിറയെ തൂകിടാൻ
ഒരു പുതിയ വാസരം ശുഭമഹിത ഭാസുരം

പുളിനകമനഹരിതതടമതതിശയം
തളിരു നിറയെ മെഴുകുമിനി ശബളിമ
നളിനി മുകളിലളിവലയ നിരകളും 
കിളികളരുളി കുറുകുമൊലി സരിഗമാ


തരുണിയരുവിയഴകൊഴുകി മിഴിവൊടേ
തരുണനരുണനൊരു കുസൃതി, പുഴ തൊടാൻ
അരുവി തരളപുളകവതി തുടുനിറം
അരുമ ചിതറി കൊലുസിനൊലി പധനിസാ


അനവരത രശ്മികൾ കരവിരുതു് കാട്ടിയോ
കനകമയ ദീപ്തികൾ കലിക തല നീട്ടി പോൽ
വനലതിക പൂക്കയായ് വിവിധ സുമരാജികൾ
വനജ നറു സൗരഭം വിപിന തതി സൗഭഗം 


ഉദിത വിവിധ കുസുമനിര പലതരം
സുദിനമണയെയനിലനുടെ വിലസലായ്
സ്വദിത മുദിതമരുളിയൊലി മുളകളിൽ
സദിരുമൊഴുകി വനമുരളി കളരവം

  
കതിരു പകരുമുയിരിനൊളി നിറയവേ
ദ്യുതിത സകലഭുവനമിനി മധുവനം
പതിവു കുതുകഹൃദയതുടി മൊഴിയുമാ
പുതിയ കവിത സരിഗമപ പധനിസാ


വൃത്തമാലിക
പല്ലവി: മിശ്രകാകളി
ഇച്‌ഛ പോലെ ചിലേടത്തു ലഘുപ്രായഗണങ്ങളെ ചേർത്തും കാകളി ചെയ്‌തിടാമതിൻപേർ മിശ്രകാകളി.
ഉദാഃ ജനിമൃതിനി/വാരണം/ജഗദുദയ/കാരണം
ചരണനത/ചാരണം/ചരിതമധു/പൂരണം

ചരണം: ശശികല 
നഗണയുഗളയുഗമൊടു സ ശശികലാ






Sunday, August 23, 2026

ഒരുമയിലോണം

ഒരുമയിലോണം എന്നുപറയുമ്പോൾ ഒരുമയിൽ ഉള്ള ഓണമാണോ അതോ ഒരു മയിൽ ഉള്ള ഓണമാണോ.

അരചനൊരാൾ പ്രബലൻ സരസാത്മൻ
ദുരയണിയാ പ്രകൃതം സ്ഥിരധർമ്മം
കരബലമാൽ പ്രഭവം കരണീയം
ധരണിതലം പ്രഭുവായ് ചിരകാലം

ബലി ബലവാനാണുലകിനു മന്നൻ
വലിമയിലെന്നും തലയുയരേ താൻ
അലിവറിവുള്ളോൻ പരിമിതിയില്ലാ
വലിയമനസ്സിന്നുടമയുമാണേ

മികവൊടെ ഭരണം  കൈകളതമലം
സകലവിജയിയായ് ശ്രീകരഭുവനം
തികവൊടെ ഭവനം നാകവിരചിതം
പക വെറി കലഹം ശോകവിനശനം

നയനമനോജ്ഞം നിഖിലനികേതം
പ്രിയകരമായി പ്രജനൃപബന്ധം
സ്വയമവിടെങ്ങും നിയമവിലാസം
നിയതിവശാൽ സൌഭഗമതു പൊയ്പ്പോയ്

മഴയൊഴിയും സമയം മലനാട്ടിൽ
പഴയ നൃപൻ വരുമന്നിവിടോണം
അഴലകലും സ്മൃതിയിൽ പുതുവെട്ടം
അഴകണിയും വനിപോൽ തിരനോട്ടം 

കതിരുകളാടിയ നെൽവയലെല്ലാം
പുതിയൊരു നാളെയുടാഗമനം പോൽ
പൊതിയുകയായ് പുതു പൂങ്കനവോലും
അതിശയമേദുരവർണ്ണവിതാനം

പൊലി പൊലി പൊലിയോ പൂപ്പൊലിപൊലിയോ
പൊലിമയിലുലകം പൂവിളിയുയരും
ബലി വരുമതിനാൽ ഭൂവിനു പുളകം
കലികകളിനിമേൽ പൂവിടുമധികം

ഇരുമയെയോണം പരിചൊടു ചേർത്തി-
ട്ടൊരുമയിലല്ലോ നടമിടുമല്ലോ
വരുമുറവിൻ പൈമ്പുഴയുടെ തീരം
ഒരു മയിലല്ലോ നടമിടുമല്ലോ

പല നിറമണിയും പൂവിതളുകളും
വിലസിതമവയിൽ ദ്യോവിലെയഴകും
സുരതരുകുസുമം മോടിയിലിനിയാ-
സുരനൃപനണയേ സ്വാഗതമരുളും

നവയുഗനിയതം സാർത്ഥകനിരതം
ഇവിടൊരുനിയമം നീതിയിലൊരുപോൽ 
സമതരഭരണം  വ്യാപൃതമഖിലം
സുമധുരവിധമായിനി വരുമോ ചൊൽ



വൃത്തമാലിക
1. നനതനഗുരുവും മംഗളഫലകം
2. ലളിതപദം നജജം യഗണാഢ്യം.
3. നയ നയ വന്നാൽ കുസുമവിചിത്രാ

Friday, August 14, 2026

പദതല്ലജങ്ങൾ

പ്രകൃതി (21) എന്ന ഛന്ദസ്സിൽ ഉൾപ്പെട്ട ഒരു സമവൃത്തമാണ് #കുമുദിനി.  ലക്ഷണം കൊടുത്തിരിക്കുന്നത് നഭനഭം നഭരമൊടു ചേർന്നതു്  കുമുദിനീസമഭിഖ്യമാം.  യതി ഉൾപ്പെട്ടതായി ലക്ഷണത്തിൽ പറയുന്നില്ല.  പക്ഷെ ഈ വൃത്തത്തിൻ്റെ സുഖകരമായ ഒഴുക്ക് കിട്ടണമെങ്കിൽ 6, 12, എന്നീ സ്ഥാനങ്ങളിൽ യതി കൊടുക്കുന്നതാണ് നല്ലത്.  അങ്ങനെ ലക്ഷണത്തിൽ ഇല്ലാത്ത യതി സ്വയമേ കൊടുത്ത് ഷോഡശപ്രാസത്തിലാണ് താഴെക്കാണുന്ന കവിത എഴുതിയിരിക്കുന്നത്. സ്വരഭേദം വരുത്താതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.



പദതല്ലജങ്ങൾ

മറവിതൻ തമമറയകറ്റിയ നിറവു് മാനസമൂറവേ
കറകളഞ്ഞതിലുറവിനാൽ പുതുനിറമുതിർന്നതിലേറവേ
പിറകെ ചേതന പറവപോലിരുചിറകടിച്ചഥ പാറവേ
പറയുവാൻ, മഴ പിറവിയായ്, തലമുറ പകർന്നതു് ചാറലായ്
(തമ - ഇരുട്ട് ഉറവ് - ഉണർച്ച, ഉണർവ് ചേതന - ബുദ്ധി, ബോധം അഥ - അതിനുശേഷം)

അമിഷമോഹനഹിമിക വീണനുനിമിഷമൂറിവരാമിനി
ഭ്രമിതമാനസതിമിരമാറ്റിയ സുമിതി തന്നഭികാമികം
സ്തിമിതവീക്ഷണമുമിയെരിച്ചതു ശമിതമുർമുരനിർമിതി
കുമിയുമാന്തര സമിതനിർവൃതി,കിമിതിതേടുവതെൻ മിഴി?
(അമിഷ - കാപട്യമില്ലാത്ത ഹിമിക - മഞ്ഞ് സുമിതി - ശരിയായ ധാരണ അഭികാമികം - ആഗ്രഹിക്കത്തക്ക സ്തിമിത - ഇളക്കമില്ലാത്ത ശമിത - ശമിച്ച മുർമുരം - ഉമിത്തീയ് സമിത - ഒന്നിച്ചുകൂടിയ കിമിതി - എന്തിനായിട്ട്? )

പരിമളം തരുമരിയ ഭാവുകഖരിക തൂകിയ പോരിമ
ത്വരിതമേകുക വരികളായവ കിരി ചൊരിഞ്ഞക മാരി പോൽ
ശരി നിരന്നിതു സരിതമൊത്തൊരു പുരിസമാഹൃത വാരിയായ് 
വരിക തേന്മൊഴിതരിക നീ ലിപി ചൊരിയുകെൻ പ്രിയശാരികേ
(ഖരിക - കസ്തൂരി, പോരിമ - കഴിവ്, സരിത - അനായാസമായ/
ഒഴുക്കുള്ള , പുരി - നദി സമാഹൃത - സമാഹരിക്കപ്പെട്ട, വാരി - വെള്ളം/കടൽ,)

കളിനിറത്തിലെ ചെളിയിലൂടൊരു തെളിമ തേടിയ നാളിക
തളിരിളം നവനളിനമാ,യവ വെളിയിലെത്തി മൃണാളിനി 
ഒളി വിടർത്തിയ ലളിതമാം പദമിളിതതല്ലജ കേളിയാൽ
കിളിമകൾക്കിതു കളിനിലം പുതുപുളിനമിന്നിതിലാളിടും
(കളിനിറം - ഇരുണ്ട നിറം നാളിക - പൊള്ളയായ തണ്ട് മൃണാളിനി - താമരക്കൂട്ടം കളിനിലം - വിഹാരസ്ഥലം ആളുക - ഭരിക്കുക, നിയന്ത്രിക്കുക)

തകരുമാതുര സകലദീനത, പകരമെത്തി വിഭാകരൻ
പ്രകരസംഗതവികചസങ്കുലമകമനസ്സു നിപാകമായ്
പ്രകടമായൊരു മികവിനാഗതി, വകതിരിഞ്ഞവനാകയാൽ
മുകരിവെൺനറു തികവെഴും പദനികരമായ സുധാകരം
(പ്രകര - അധികം ചെയ്യുന്ന സംഗത - കൂടിച്ചേർന്ന/പരസ്പരപൂരകമായ വികചം - വിരിഞ്ഞത് നിപാകം - പൂർണവിളവാകൽ സങ്കുല - തിങ്ങി നിറഞ്ഞ നിപാകം ആഗതി - വരവ്/നേട്ടം മുകരി- മുല്ല നികരം - സ്വത്ത് സുധാകരം - സമുദ്രം)

സ്മൃതിയിലൂറിയ കതിരുമായുപചിതി തരുന്നനുഭൂതികൾ
ശ്രുതിയിലാത്മക ജതികളാക്കുകിലിതിലുമുണ്ടു് വിഭൂതികൾ
അതിമനോഹര മിതിനിയന്ത്രിത ഗതിയിലാക്കിയ ഗീതിയിൽ 
പുതിയ ഭാവന പൊതിയു വർണ്ണന പതിവിലും പല മാതിരി
(ഉപചിതി- ഐശ്വര്യം/കൂട്ടിവയ്പ്പ്, വിഭൂതി - ശക്തി/സൃഷ്ടി)

ജ്വലിതമുദ്ഗമകലിതകല്പന ദലിതവർണ്ണന ചേലിലായ്
കലികസാമ്യത, പൊലിമയുണ്ടതിലലിയുമുണ്മവശാലിവൻ
തലിനപല്ലവ കലിലകൂബര വലിതചാതുരിയാൽ ലിപം
സലിലനിർമ്മലതുലിതമാം മഷി, ചലിതമെന്നുടെ തൂലിക
(ഉദ്ഗമ - സൃഷ്ടി/മേൽപ്പോട്ടുയരൽ കലിത - അറിയപ്പെട്ട, മനസ്സിലാക്കപ്പെട്ട ദലിത - വിരിഞ്ഞ/തുറന്ന തലിന - മൃദുവായ കലില - നിറഞ്ഞ/ പൊതിഞ്ഞ കൂബര - സുന്ദരമായ വലിത - ചുറ്റപ്പെട്ട ലിപം - പൂശൽ, പുരട്ടൽ സലിലം - വെള്ളം തുലിത - തുല്യമാക്കപ്പെട്ട)

അനിലസൗരഭ പനിമലർവനമനിശചാരുത ദൈനികം
തനിമയോടിതിലിനിമ ചേർക്കുക,യിനിമുതൽക്കവധാനി ഞാൻ 
മനിതമാം മധു കിനിയുമാ സ്വരവിനിമയം, കൃതവാനിവൻ
സനിതസൗഭഗ വനികയിൽ പദധനികനായനുമാനിതം
(അനിശം - എല്ലായെപ്പോഴും ദൈനികം - ദിനം തോറും അവധാനി - ശ്രദ്ധയുള്ളവൻ മനിത - മതിക്കപ്പെട്ട കൃതവാൻ - ഉണ്ടാക്കിയവൻ)

വിവിധവർണ്ണന കവിയുമാചിത സവിധമെത്തിടുകിൽ വിഭോ
ദ്രവിണസാന്ദ്രവുമവികലം പദപവിതസഞ്ചിതി പൂവിടും 
കവിതയാം നദി ജവിനധാരയിലവിരതം ഭുവി താവിടും
ഭവികമാം മണി, പവിഴരാജികളവിടെ ചാരുത തൂവിടും
(ഭവികം - മംഗളം ആചിത - ശേഖരിക്കപ്പെട്ട ദ്രവിണം - സാരാംശം/സത്ത് പവിതം - ശുദ്ധീകരിക്കപ്പെട്ട ജവിനം - വേഗമുള്ള അവിരതം - എപ്പോഴും താവുക - പരക്കുക )

വൃത്തം : കുമുദിനി
പ്രാസം : ഷോഡശപ്രാസം

യതി ഉൾപ്പെടുത്തിയ കുമുദിനീലക്ഷണം ഇങ്ങനെ മാറ്റിയെഴുതുന്നു.
നഭയതിയ്ക്കതു നഭപുനർയതി കുമുദിനീ നഭരം വരും 


Saturday, March 21, 2026

വിഷുവം 2

കഴിഞ്ഞ പോസ്റ്റിൻ്റെ ചുവടുപിടിച്ച് വൃത്തമാലികയിൽ മറ്റൊരു രചന 


#ദ്രുദപദം
നനവെഴുന്നുറവിൻ കനിവുതേടും
കനവുകൾ വിരിയും തനിമ പോലേ
വനികയിൽ കിളികൾ സ്വനമൊഴുക്കും
ഇനിമ തൻ വിളികൾ ഇനി മുഴങ്ങും

#ഭ്രമരാവലി
ഇമകളൊന്നിട ചിമ്മിടാ, തരു വർണ്ണസൗഭഗകാന്തിയിൽ
ചമയമാർന്നു വിരിഞ്ഞു പൊൻകണി കർണ്ണികാരമൊരുക്കി പോൽ

#കുമുദിനി
ധരണി തന്നുടെ കരളിലൂറിയ ചിരമനോഹര ധാരകൾ
പരതി നോക്കിയ മരമെടുത്തവ, സരണിയായതു വേരതിൻ
സ്ഫുരണമുള്ളൊരു ഹിരണമായതിലുരസി നിന്നു സമീരണൻ
തരളമാരുത കരതലങ്ങളിലുരതമാം സുമ സാരമായ്

ജ്വലനവേനലിനലമറന്നൊരു പുലരി തൻ ഋതു കാലമായ്
അലരണിഞ്ഞവയില മറയ്ക്കണ കുലകളായ്, നിറമാലകൾ
സുലഭമായൊരു ദലകുതൂഹല നലവിഭൂഷിത ജാലമാൽ
കില കണിപ്രതിഫലനമായ് നറുമലരി കാണ്മു വിലോലമായ്



വൃത്തമാലിക
പല്ലവി: ദ്രുദപദം  വരികിൽ നഭനയങ്ങൾ (ജഗതി 12) പ്രാസം: #അഷ്ടപ്രാസം 
അനുപല്ലവി: നഭരസംജജഗം നിരന്നു വരുന്നതാം ഭ്രമരാവലി (അതിധൃതി 19)
ചരണം: നഭന ഭംനഭരെമാടു ചേർന്നതു കുമുദിനീസമഭിഖ്യമാം.(പ്രകൃതി 21) പ്രാസം: #ഷോഡശപ്രാസം

View AI generated Musical Version 





Saturday, March 7, 2026

വിഷുവം

 3 വൃത്തങ്ങൾ ഒന്നിച്ചു ചേർത്ത് വൃത്തമാലികയിൽ മറ്റൊരു രചന. ഓരോ വൃത്തത്തിൻ്റേയും ഛന്ദസ്സ് വലയത്തിൽ കൊടുത്തിരിക്കുന്നു.

വിഷുവം

#ചാരണഗീതം
ചൂടമരുന്നൊരു പാടവരമ്പിൽ
മേടമൊരുക്കിയ മോടികളായി
കൊന്നമലർക്കുല നിന്നുചിരിച്ചൂ
വന്നിളമാരുതനൊന്നു തലോടാൻ

#പ്രഹരണതിലകം
കതിരിടുമലരിൻ തതി നിറയുകയായ്
കതിരവനിനിമേൽ പുതിയൊരു വിഷുവം

#മത്തമയൂരം
കത്തും വേനൽ ഭൂഹൃദയം കോർത്ത കിനാവിൽ
ചേർത്തിട്ടുള്ളോരോമനയാമുത്തമഭാവം
ഹൃത്തിന്നുള്ളിൽ വേരു പടർന്നാഴ്ത്തിയിറക്കി
പേർത്തും പേർത്തും കൊന്നമരം സത്തയുമൂറ്റി

മണ്ണിൻ സ്വപ്നം പൂക്കുവതോ കണ്ണിനുമുന്നിൽ
വർണ്ണക്കാഴ്ചയ്ക്കൊത്തു വരും സ്വർണ്ണനിറത്തിൽ 
വിണ്ണിൻ സൂനപ്പെയ്ത്തുതിരും പൂർണ്ണത പോലെ
പർണ്ണം മൂടും പൂക്കളുമായ്  പർണ്ണിയൊരുങ്ങി


വൃത്തമാലിക
പല്ലവി 
ഭം ഭഭഗം ഗുരു ചാരണഗീതം (തൃഷ്ടുപ്പ് 11) ദോദകം എന്നും പറയാം
അനുപല്ലവി 
നനഭന ലഗവും പ്രഹരണതിലകം (ശക്വരി 14)
ചരണം
നാലിൽ ഛിന്നം മത്യസഗം മത്തമയൂരം (അതിജഗതി 13)
പ്രാസം : അഷ്ടപ്രാസം

View AI Generated Musical version 



Saturday, January 24, 2026

പ്രാണശോണിമ

ഒരു വരിയിൽ 12 അക്ഷരങ്ങളുള്ള വൃത്തങ്ങൾ ജഗതി എന്ന ഛന്ദസ്സിൽ ഉൾപ്പെടുന്നു. 4 രഗണങ്ങൾ നിരത്തിയ സമവൃത്തമാണ് സ്രഗ്വിണി. ഒരു ര ഗണത്തിൽ 3 അക്ഷരങ്ങളിലായി 5 മാത്രകൾ ഉണ്ടായിരിക്കും. 5 മാത്രകളുള്ള 8 ഗണങ്ങൾ നിരത്തിയാൽ അത് കാകളിയായി. അതായത് സ്രഗ്വിണിയിലെ ശ്ലോകം #കാകളി കൂടിയാണ്, അതേസമയം കാകളിയിലെ ഈരടികൾക്ക് ര ഗണം പാലിച്ചുകൊള്ളണം എന്ന നിർബന്ധമില്ലാത്തതിനാൽ തിരിച്ച് കാകളി ഒരിക്കലും #സ്രഗ്വിണി ആവുകയുമില്ല. യ ര ത എന്നീ 3 ഗണങ്ങളും നമ്മുടെ ഇഷ്ടാനുസാരം മാറ്റിയും മറിച്ചുമൊക്കെ എഴുതിയാലും കാകളി വന്നുകൊള്ളും.


പോകയായർക്കനിന്നേകനായ് സാഗരം
പൂകിടും നേരമോ തൂകിടും ചെന്നിണം
നൽകി മാനത്തിനൊന്നാകെ തൻ നൊമ്പരം 
പാകിവെച്ചുള്ളപോൽ നാകവർണ്ണാഭകൾ

മോടിയിൽ സന്ധ്യ കൊണ്ടാടിടുന്നാ നിറം 
ആടലോടോർത്തുപോയ് കൂടെയുണ്ടെങ്കിൽ നീ
പാടലപ്പൂക്കളം കൂടുതൽ ചായമാൽ
നീടിലുണ്ടാക്കുവാൻ ചൂടിയെൻ കാമന!

താണുപോയർക്കനും ശോണിമയ്ക്കൊപ്പ,മെൻ
പ്രാണനിൽ പൂക്കളം വീണിടാതിപ്പൊഴും
കാണുവാനല്ലതു,ൾക്കോണിലായോർമ്മകൾ
വാണിടും കാലമാണോണമാണെപ്പൊഴും

സാരസപ്പൊയ്കയിൽ നീരജം പൂവിടും
നേരമെന്നോർമ്മയിൽ താരുപോൽ നിൻ മുഖം
ആരുയിർ നീയൊരാൾ ദൂരെയാണെങ്കിലും 
ചേരുമെന്നാത്മനാ ചാരെ നീയുള്ളപോൽ

മാലതിപ്പൂക്കളും മേലെ നീഹാരവും
പോലെ നിൻ നെറ്റിമേൽ ചാലിടും വേർപ്പുനീർ
ശാലിയാം പൂങ്കുയിൽ ശൈലിയിൽ സ്വച്ഛമായ്
ശീലുകൾ പാടുമാ ശീലമൊന്നോർത്തുപോയ്

ശ്യാമമാമംബരം തൂമ തീർത്തമ്പിളി
പ്രേമസർവ്വസ്വമേ എൻ മനം നിൻ മുഖം 
നാമണഞ്ഞെന്നപോൽ താമസിക്കാതെയാ
പൂമരച്ചില്ലകൾ ചാമരം പൂണ്ടിതാ

കാതരസ്പന്ദനം ചെയ്തിടുന്നെന്നിലെ
ഭൂതകാലസ്മൃതിയ്ക്കോ തലോടും സുഖം
ആതപത്തിൻ വ്യഥാതീതമാം സാന്ത്വനം 
ശീതളക്കൈകളാൽ കോതിടുന്നെന്നപോൽ

ആളലുണ്ടുള്ളിലായ് കോളുമുണ്ടെങ്കിലും
കോളിളക്കത്തിലും കേളിയാടുന്നു നീ
നാളമായ് പൂത്തു നീയുള്ളിലെപ്പോഴുമെൻ
നാളിയിൽ ചോരകൊണ്ടോളമേകും ചിരം

നോവുകൾ തിങ്ങിടും ദാവദാരുക്കളു-
ണ്ടെൻ വഴിത്താരയിൽ പോവതോ ദുർഘടം
മേവതുണ്ടൊപ്പമെൻ ഭാവസാന്നിധ്യമായ്
കേവലസ്നേഹമെൻ ജീവപാഥേയവും

ആയിരം വർണ്ണമാൽ ചായമിട്ടുള്ളൊരെൻ 
പോയ കാലത്തിലെ സ്ഥായിയാമോർമ്മകൾ
ഊയലാലാടിടും നീയതിൽ നിത്യവും 
മായയോ എന്നിലുണ്ടായ വിഭ്രാന്തിയോ

വൃത്തം: സ്രഗ്വിണി 
പ്രാസം: അഷ്ടപ്രാസം

നാലുരേഫങ്ങളാൽ സ്രഗ്വിണീ വൃത്തമായ്


Saturday, January 3, 2026

AI സംഗീതപരീക്ഷണം

 AI Music Generation പരീക്ഷിക്കുന്നതിനായി എഴുതിയ വരികൾ. സന്ധി ചേർത്ത് എഴുതുക എന്നതാണ് ഭാഷാനിയമം. പക്ഷേ AI യ്ക്ക് ചെറുവാക്കുകളായി പിരിച്ച് വിട്ടു വിട്ട് എഴുതുന്നതാണ് പഥ്യം. ഒന്നോ രണ്ടോ വാക്കുകൾ എന്തായാലും തെറ്റിച്ചു പാടും, എന്നാലും വരികൾ കൊടുത്തുകഴിഞ്ഞാൽ ഒരു മിനിറ്റ് കൊണ്ട് 4 തരത്തിൽ പാടിത്തരും. സംഗതി കൊള്ളാം.


3 വൃത്തങ്ങളിലായി, പല്ലവി സകലകലം, അനുപല്ലവി രുചിരതരം,  ചരണം തന്വിയിലും എഴുതിയിരിക്കുന്നു. ചരണം മാത്രം അഷ്ടപ്രാസമാണ്. 3 വൃത്തങ്ങൾ ഉപയോഗിച്ചിരിക്കുന്നതിനാൽ വൃത്തമാലിക എന്നു വിളിക്കാം



പല്ലവി
താരമ്പൻ തന്നടവുകളോ കൈവിരുതുകളോ
ചാരത്തെത്താൻ ത്വരയുണരും കാന്തികവലയം
മൈക്കണ്ണിൽ മന്മദ നിപുണൻ പാടവമൊടവൻ
പാർക്കുന്നെന്നോ കൊടിയിളകും പോൽ മിഴിചലനം

അനുപല്ലവി
കണ്ണാൽ എയ്യും സുമശരമാണോ മമഹൃദയം
കണ്ണാൽ നെയ്യും കവിതകളാണോ നിറയുവതും
നേരോ നേരോ കവിതകളെഴുതാൻ മിഴി മതിയോ
നേരോ നേരോ മിഴിമുന പകരും വിനിമയമോ
നേരോ നേരോ മിഴിമുന പകരും കനവുകളോ
നേരോ നേരോ പുളകിതനാകും സമയമിതോ 


ചരണം
നാക്കുരിയാടാ മിഴിയിലെ മൊഴിനിൻ നോക്കിലറിഞ്ഞതിനനുരണനങ്ങൾ
വാക്കിനുമാകാ കവിതകളെഴുതീ കോർക്കുവതോ മദകരമൊരു മന്ത്രം 
കേൾക്കുവതിമ്പം കളരവഭരിതം ചേർക്കുവതോ രതിരസ മുകുളങ്ങൾ
പൂക്കുവതുള്ളിൽ പുതു ഋതു നികരം തിക്കുവതോ കനവൊരു മലയോളം


പുഞ്ചിരി തന്നേ ഉപവനസദൃശം പൂഞ്ചിറകാർന്നവിടണയുവതെന്റെ
സഞ്ചിതചിന്താ ശതതരശലഭം കെഞ്ചി വരുന്നതു മധുകണമുണ്ണാൻ
കൊഞ്ചിടുമാ പൊന്നധരമൊരിതളായ് നെഞ്ചിലതേകുവതിനിയ വികാരം
കാഞ്ചനവർണ്ണം കതിരൊളി ചൊരിയും
അഞ്ചിതരാഗമിതറിയുക നീയും

വൃത്തമാലിക: സകലകലം,  രുചിരതരം,   തന്വി
പ്രാസം: ദ്വിതീയ / അഷ്ടപ്രാസം