AI Music Generation പരീക്ഷിക്കുന്നതിനായി എഴുതിയ വരികൾ. സന്ധി ചേർത്ത് എഴുതുക എന്നതാണ് ഭാഷാനിയമം. പക്ഷേ AI യ്ക്ക് ചെറുവാക്കുകളായി പിരിച്ച് വിട്ടു വിട്ട് എഴുതുന്നതാണ് പഥ്യം. ഒന്നോ രണ്ടോ വാക്കുകൾ എന്തായാലും തെറ്റിച്ചു പാടും, എന്നാലും വരികൾ കൊടുത്തുകഴിഞ്ഞാൽ ഒരു മിനിറ്റ് കൊണ്ട് 4 തരത്തിൽ പാടിത്തരും. സംഗതി കൊള്ളാം.
3 വൃത്തങ്ങളിലായി, പല്ലവി സകലകലം, അനുപല്ലവി രുചിരതരം, ചരണം തന്വിയിലും എഴുതിയിരിക്കുന്നു. ചരണം മാത്രം അഷ്ടപ്രാസമാണ്. 3 വൃത്തങ്ങൾ ഉപയോഗിച്ചിരിക്കുന്നതിനാൽ വൃത്തമാലിക എന്നു വിളിക്കാം
പല്ലവി
താരമ്പൻ തന്നടവുകളോ കൈവിരുതുകളോ
ചാരത്തെത്താൻ ത്വരയുണരും കാന്തികവലയം
മൈക്കണ്ണിൽ മന്മദ നിപുണൻ പാടവമൊടവൻ
പാർക്കുന്നെന്നോ കൊടിയിളകും പോൽ മിഴിചലനം
അനുപല്ലവി
കണ്ണാൽ എയ്യും സുമശരമാണോ മമഹൃദയം
കണ്ണാൽ നെയ്യും കവിതകളാണോ നിറയുവതും
നേരോ നേരോ കവിതകളെഴുതാൻ മിഴി മതിയോ
നേരോ നേരോ മിഴിമുന പകരും വിനിമയമോ
നേരോ നേരോ മിഴിമുന പകരും കനവുകളോ
നേരോ നേരോ പുളകിതനാകും സമയമിതോ
ചരണം
നാക്കുരിയാടാ മിഴിയിലെ മൊഴിനിൻ നോക്കിലറിഞ്ഞതിനനുരണനങ്ങൾ
വാക്കിനുമാകാ കവിതകളെഴുതീ കോർക്കുവതോ മദകരമൊരു മന്ത്രം
കേൾക്കുവതിമ്പം കളരവഭരിതം ചേർക്കുവതോ രതിരസ മുകുളങ്ങൾ
പൂക്കുവതുള്ളിൽ പുതു ഋതു നികരം തിക്കുവതോ കനവൊരു മലയോളം
പുഞ്ചിരി തന്നേ ഉപവനസദൃശം പൂഞ്ചിറകാർന്നവിടണയുവതെന്റെ
സഞ്ചിതചിന്താ ശതതരശലഭം കെഞ്ചി വരുന്നതു മധുകണമുണ്ണാൻ
കൊഞ്ചിടുമാ പൊന്നധരമൊരിതളായ് നെഞ്ചിലതേകുവതിനിയ വികാരം
കാഞ്ചനവർണ്ണം കതിരൊളി ചൊരിയും
അഞ്ചിതരാഗമിതറിയുക നീയും
വൃത്തമാലിക: സകലകലം, രുചിരതരം, തന്വി
പ്രാസം: ദ്വിതീയ / അഷ്ടപ്രാസം
No comments:
Post a Comment