വിവേകചൂഢാമണിയിലെ ആദിശങ്കരവചനം ഉദ്ധരിച്ചുകൊണ്ടു് തുടങ്ങട്ടെ,
ശബ്ദദിഭിഃപഞ്ചഭിരേവപഞ്ചഃ
പഞ്ചത്വമാപുസ്വഗുണേനബദ്ധാ
കുരംഗമാതംഗപതംഗമീന-
ഭൃംഗാപരപഞ്ചഭിരഞ്ചിത കിം?
ശബ്ദം പോലെയുള്ള അഞ്ചുജ്ഞാനസ്രോതസ്സുകളിൽ ഏതെങ്കിലുമൊന്നിൽ മാത്രം ആസക്തിപൂണ്ട് മാനും, ആനയും, ശലഭവും, മത്സ്യവും, വണ്ടും അപകടത്തിലാവുന്നുവെങ്കിൽ ഈ അഞ്ചിലും ഒരേസമയം ആസക്തനായൊരാളുടെ കാര്യം പിന്നെ പറയാനുണ്ടോ?
മാൻ - ശബ്ദം ആന - സ്പർശം ശലഭം - കാഴ്ച മീൻ - രുചി ഭൃംഗം - മണം എന്നിങ്ങനെയാണ് സ്വയം അപകടത്തിൽകൊണ്ടുപോയി ചാടിക്കുന്ന വിഷയാസക്തി വിവരിച്ചിരിക്കുന്നത്. സ്വശരീരത്തിനു പുറത്തുനിന്ന് ഇങ്ങനെ അഞ്ചുവിധത്തിൽ അറിവ് നമ്മിലേയ്ക്കെത്തുന്നുവെങ്കിൽ അതിനോട് അഞ്ചു കർമേന്ദ്രിയങ്ങൾ കൊണ്ട് നമ്മൾ പ്രതികരിക്കുന്നുമുണ്ട്. പഞ്ചേന്ദ്രിയങ്ങളെ കൂടുതലായി വിശദീകരിക്കുന്നില്ല.
ഇന്ദ്രിയജയം പൊതുവേ ദുഷ്കരമാണ്. ഇന്ദ്രിയജയം വരുത്തി ഏതെങ്കിലും വരസിദ്ധിക്കായി തപസ്സനുഷ്ടിക്കുന്നവരെ ആകർഷിച്ചെടുത്ത് ലൗകികലോകത്തിൽത്തന്നെ തളച്ചിടാൻ ഇന്ദ്രൻ കാമദേവനെയും ദേവനർത്തകിമാരെയുമെല്ലാം നിയോഗിക്കുന്ന കഥകൾ നിങ്ങൾ കേട്ടിരിക്കും. കാമം എന്ന വാക്കിന് ആഗ്രഹം എന്നേ അർത്ഥമുള്ളൂ. നേരത്തേ സൂചിപ്പിച്ച അഞ്ചുവിധവിഷയങ്ങളിലേതെങ്കിലുമൊന്നിൽ ഒരു ആഗ്രഹം തോന്നുകയാണെങ്കിൽ അത് കാമമാണ്. ഉദാഹരണം, രുചിയുള്ള ഭക്ഷണം കഴിക്കാനുള്ള തോന്നൽ, ഇഷ്ടപ്പെട്ട ഒരു പാട്ടു കേൾക്കാനുള്ള ആഗ്രഹം എന്നിങ്ങനെ.
ഈ പറഞ്ഞ ശബ്ദ, രൂപ, സ്പർശ, ഗന്ധ, രുചി, എന്നിങ്ങനെയുള്ള അഞ്ചു വിഷയങ്ങളും സമ്മേളിക്കുന്ന ഒരേയൊരു ആകർഷണം ലൈംഗികാകർഷണമാണ്. ലൈംഗികബന്ധത്തിലാകട്ടെ അഞ്ചു കർമ്മേന്ദ്രിയങ്ങളും ഉപയോഗപ്പെടുന്നുമുണ്ട്. ഇങ്ങനെ പത്ത് ഇന്ദ്രിയങ്ങളും സജീവമായി പങ്കെടുക്കുന്ന ഒരേയൊരു പ്രവൃത്തിയും രതിക്രീഡയാണ്, അതുകൊണ്ടുതന്നെ അത് ഏറ്റവും പ്രബലവുമാണ് മറികടക്കാൻ പ്രയാസമേറിയതുമാണ്. ഏതെങ്കിലും ഒരു കാമ്യവിഷയത്തിൽ ആസക്തനാക്കാൻ പറ്റാത്തവനെ ഇന്ദ്രിയത്തിനു വശംവദനാക്കാൻ മന്മദനെ നിയോഗിച്ചാൽ മതിയാകും. മന്മദൻ എന്നുപറഞ്ഞാൽ തന്നെ മനസ്സിനെ മദിക്കുന്നവൻ എന്നല്ലെ അർത്ഥം. ഇന്ദ്രൻ കാമദേവനേയും ദേവസ്ത്രീകളെയും നിയോഗിക്കുന്നു എന്നു പറയുന്നതിലെ പൊരുൾ മനസ്സിലായിക്കാണുമെന്നു കരുതുന്നു.
ഒരു താപസനെയും താപസനുമുന്നിലെത്തുന്ന സ്ത്രീയേയും ചിത്രീകരിക്കട്ടെ, ഇവിടെ താപസൻ പാതിവഴിയിൽ പരാജയപ്പെട്ടു അർദ്ധവിരാമത്തിൽ നിർത്തിപ്പോകുന്നവനാണ്. ലക്ഷ്യവും മാർഗ്ഗവുമെല്ലാം കേട്ടുപഠിച്ച് അതിനുള്ള സാധനാമധ്യേ വീണുപോകുന്നയാൾ. പശ്യന്നപി ച ന പശ്യതിമൂഢ, കണ്ടിട്ടും കാണാതെ പോകുന്ന മൂഢൻ എന്നു പറയാവുന്നയാൾ.
തോടകമാണ് വൃത്തം. #അനുപ്രാസവും അങ്ങിങ്ങായി ചുവപ്പു നിറത്തിൽ #യമകങ്ങളും കൊടുക്കുന്നുണ്ടു്.
അപഗാഖിലലൗകികതൃഷ്ണവിവാത്
ഉപഗാരതിമാനസവൃത്തിശമം
തപകാമന നൈഷ്ഠികചര്യ ദിനം
ജപമാരതി സാധന സർവദമം
(അപഗ - ഓടിപ്പോകുന്ന വിവാത് - നാലുപാടുനിന്നും അടിക്കുന്ന ഉപഗ - പിന്തുടരുന്ന അരതി - ഭോഗാസക്തിയില്ലായ്മ ശമം - ഇന്ദ്രിയങ്ങളെ അടക്കൽ ദമം - ബാഹേന്ദ്രിയങ്ങളെ കർമത്തിൽനിന്നും വിമുക്തമാക്കൽ)
അഥ സാമയികപ്രതിചര്യബഹിഃ
പഥതാകൃതശൂകൃതരൂപവതീ
പൃഥകാകുലമാമനുഗമ്യ തദാ
മിഥസാചിതരാജിതധൂത മുദാ
(സാമയിക - സമയത്തിനു ചേർന്ന പ്രതി - അതുമായി ബന്ധപ്പെട്ട ചര്യ - ആചാരം ബഹിഃ - പുറത്ത് പഥത് - പോകുമ്പോൾ ആകൃത - അടുത്തുവന്ന ശൂകൃത - ശൂ ശബ്ദം ഉണ്ടാക്കിയ പൃഥക് - പ്രത്യേകമായി ആകുല - എന്തുചെയ്യണമെന്നറിയാതെ പരുങ്ങുന്ന മാം എന്നെ അനുഗമ്യ - പിന്തുടർന്നു തദാ - ആ സമയത്ത് മിഥസ് - അന്യോന്യം ആചിത - ശേഖരിക്കപ്പെട്ട, സംഭരിക്കപ്പെട്ട ധൂത - ഊതിജ്വലിപ്പിച്ച )
ഭവതീ തവ താരുണ ചിത്രമുഖം
ഭവനസ്മരഡാമരകാമസൃജൻ
ഭവതാരണതാരണിജൈത്രപഥേ
ഭവതുപ്രതിബന്ധനിബന്ധമദം
(ഡാമര - കലഹം സൃജൻ - സൃഷ്ടിച്ച ഭവം - സംസാരം അഥവാ ലൗകികലോകം താരണ - തരണം ചെയ്യാൻ സഹായിക്കുന്ന താരണി - തോണി)
പ്രണദാന്തരനിത്യമനാഹതവത്
പ്രണതശ്ചിരകാലമരാഗമഹം
പ്രണവസ്വരകൃത്യതിദേശതത
പ്രണയാർദ്രമനോഹരസാരരസം
(പ്രണദ - പ്രതിധ്വനിപ്പിക്കുക അന്തര - ഉള്ളിൽ അനാഹതം - ഖണ്ഡിക്കപ്പെടാത്ത വത് - പോലെയുള്ള അരാഗം - രാഗമില്ലാതെ അതിദേശം - പകരം വെയ്ക്കുക തത - അപ്പോൾ മുതൽ)ഷഡാധാരങ്ങളിൽ നാലാമത്തേത് എത്തുമ്പോഴാണ് അനാഹതധ്വനിയെ അനുസന്ധാനം ചെയ്യുന്നത്, അതായത് അത്രത്തോളം ആധ്യാത്മികമായി ഉയർന്നതിനുശേഷമായിരുന്നു ഈ വീഴ്ച
രദനദ്യുതികുന്ദകവൃന്ദസമം
തദനുസ്മൃതി മാരമകാന്ദശരം
മദനോത്സുകസാധനരീതിവിധൗ
ഹൃദയാന്തരതുന്ദില നന്ദവനം
(രദന - പല്ല് കുന്ദകം - കുരുക്കുത്തി മുല്ല തദനു - അതിനുശേഷം മകാന്ദം - താമരയല്ലി വിധൗ- സമയത്ത് തുന്ദില - വഹിക്കുന്ന)
മുഖചന്ദ്രിക കൈരവഫുല്ലകരം
മുഖരീകൃതകോകിലനാദരവം
സുഖദായക താവക കേകിനടം
നഖകാന്തി ദശേന്ദുമരീചിഗണം
(കൈരവം - വെളുത്ത ആമ്പൽ ദശേന്ദുമരീചി - പത്ത് ചന്ദ്രപ്രകാശം)
സരസീരുഹസമ്മതഭാസമുഖം
സരസാംഗമനംഗനിഷംഗസമം
വിരസാത്മകവേദവിരാഗഹരം
തരസാ തവ ഭാസുരലാസ്യനടം
(സരസീരുഹം - താമര സരസാംഗം - സരസമായ അംഗം അനംഗൻ - കാമദേവൻ നിഷംഗം - ആവനാഴി വേദവിരാഗം - വേദപാഠംകൊണ്ടു വന്ന വിരക്തി തരസാ - പെട്ടെന്ന്)
കലികദ്വയമേദുര മേരുഗിരിം
കലിതാതുലതുംഗകുചാകൃതി തേ
കലിവേശഹൃതന്തതപാന്തമിദം
കലിലാലസലോലവിലാസനികം
(കലിക - പൂമൊട്ട് മേദുര - തടിച്ച മേരു - ഒരു പർവ്വതം കലിത - കണക്കാക്കിയ അതുല - തുല്യതയില്ലാത്ത തുംഗ - ഉയർന്ന തേ - നിനക്ക്/നിൻ്റെ കലിവേശ - കലി പ്രവേശിച്ച തപാന്ത - തപം അവസാനിപ്പിക്കുന്ന കലില - നിറഞ്ഞ/കലർന്ന അലസ - ഏകാഗ്രത പോയി മടിപിടിച്ച നികം - ആഗ്രഹിക്കുന്ന)
വനികാന്തരശാദ്വലശാലതടം
വനിവർജ്ജിത പൂജനജാഗരിതം
വനിതാഭണിതിക്വണതുല്യരവം
വനിനസ്തവകാന്തനിശാന്തസുഖം
(വനികാ - ചെറിയ കാട് ശാദ്വല - പച്ചപ്പുള്ള വനി - ആഗ്രഹം ഭണിതി - പറയുക ക്വണം - സംഗീതോപകരണം രവം - ശബ്ദം വനിനഃ - യാചിച്ചവൻ കാന്ത - മനോഹരമായ നിശാന്ത - അന്തഃപുരം)
തരുണോഗജഗമ്യനിഭസ്തരളം
തരുണീചരണം കതിധാ പതനം
തരുഷാ മമമാനസവൃത്ത്യുപരിം
തരുമൂലതപോധിക പാരമികം
(തരുണഃ - യുവാവ് ഗജഗമ്യ - ആനനട നിഭഃ - പോലെ തരുണീ - യുവതി കതിധാ - എത്ര പ്രകാരം തരുഷാ - വിജയം തരുമൂലം - മരച്ചുവട് തപോധിക - തപസ്സിലുമധികം പാരമികം - മെച്ചപ്പെട്ട)
വൃത്തം: തോടകം
പ്രാസം: അനു + യമകം
ഇനി ഞാനെഴുതിയതല്ലാത്തതും നിങ്ങൾ കേട്ടിരിക്കാൻ വഴിയുള്ളതുമായ മറ്റൊരു ശ്ലോകം ഉദ്ധരിക്കട്ടെ,
ഉഡുരാജമുഖീ മൃഗരാജകടീ
ഗജരാജവിരാജിതമന്ദഗതി
യദി സാ യുവതീ ഹൃദയേ വസതി
ക്വ ജപ ക്വ തപ ക്വ സമാധിവിധി!!
ചന്ദ്രമുഖിയും സിംഹത്തെപ്പോലെയുള്ള അരക്കെട്ടും ആന നടക്കുന്നതുപോലെ പതിയെ നടക്കുന്നവളുമായ ആ യുവതി ഹൃദയത്തിൽ വസിക്കുകയാണെങ്കിൽ പിന്നെ എന്തു ജപം എന്തു തപം എന്തു വിധിയാംവണ്ണളുള്ള സമാധി?