Showing posts with label മൗക്തികമാല. Show all posts
Showing posts with label മൗക്തികമാല. Show all posts

Saturday, April 16, 2022

മരുദാരു

2, 7  എന്നീ സ്ഥാനങ്ങളിൽ ഒരേ അക്ഷരം ആവർത്തിക്കുന്നു.


മരുദാരു

പാടുക വന്നീ പടുമരമൊന്നിൽ
കൂടുകനോവിൻ കൊടുമുടിതന്നിൽ
വാടുകയായ് ഞാൻ, ചുടുവെയിലോ പ-
ന്താടുകയായ്, വീണിടുമിവളിപ്പോൾ

പോരുക, ഞാനീമരുവിലൊരൊറ്റ!
നീരുറവില്ലാതുരുകിടുമുച്ച!
ആരുയിരേ നീയരുളുകയെന്നിൽ
നിൻ രുകനാദം കരുണകലർത്തി

തൂവിടുകില്ലേ ചെവിയിലൊരിറ്റു്
നോവിനെ മാറ്റുന്നവിരളഗാനം
പൂവിളികേൾക്കും കവിതകളെപ്പോൽ
മേവിടുവാനിന്നിവിടെയൊരല്പം

ബാംസുരി പോലിന്നസുലഭനാദം
ഭാസുരമായ് വന്നസുഖവുമാറ്റാം
പാംസുലമീ ഞാനസുതയുമിപ്പോൾ
ഉത്സുകയായീ കുസുമിതയാകാൻ

കാതിലലയ്ക്കേയതിമധുരത്താൽ
നിൻ തികവൊത്തശ്രുതിലയഗാനം
പാതിമരിച്ചെൻ സ്മൃതികളിലൂർന്നി-
ട്ടോതിടുകില്ലേ പുതിയ വസന്തം

ഏകിടു നീയാ മുകിലിനെനോക്കി- 
ക്കേകികളാടാൻ മകിഴുവൊരിമ്പം
നിൻ കിളിനാദം തുകിലുണരാനും
തൂകിടുകെന്നിൽ പകിടി കളിമ്പം

കേഴുകയില്ലാ, തഴുകിയ പാട്ടിൽ
ആഴുക വേണം മുഴുവനുമായി
വീഴുകവേണ്ടാ, യിഴുകി മനസ്സാൽ
വാഴുകവേണ്ടേ മുഴുകിയതിന്മേൽ

മാറിടുവാനീ വെറിയുടെ നാൾകൾ
ആറിടുവാനെൻ മുറിവുകളൊക്കെ
നീറിടുമുള്ളം നെറിയണിയാനും
കൂറിനു നീയെന്നറിയുവതുണ്ടേ

ദീനമണയ്ക്കാൻ വിനയകലാനും
കാനനമൈനേ സ്വനമഴ പെയ്യൂ
ഗാനമുണർന്നാൽ കനലുമുഴുക്കെ 
തേനലവീഴും നനവണിയട്ടെ

എൻ മനമോ കാളിമ മറയട്ടെ
തീമഴതൻ ശോണിമയൊഴിയട്ടെ
വെൺമതിവെട്ടം സമമുതിരട്ടെ 
തൂമകളും പൂർണ്ണിമ ചൊരിയട്ടെ

വൃത്തം : മൗക്തികമാല
പ്രാസം : അഷ്ടപ്രാസം

പദപരിചയം
ആരുയിർ - ഏറ്റവും പ്രിയപ്പെട്ട ഉയിർ
രുക - 
ബാംസുരി - ഓടക്കുഴൽ
പാംസുല -  മാലിന്യമുള്ള
അസുത-  സന്താനമില്ലാത്ത ( ഇവിടെ, പുഷ്പിക്കാത്ത)/ശുദ്ധമാക്കപ്പെടാത്ത
പകിടി - നേരമ്പോക്ക്
കളിമ്പം - വിനോദം
മകിഴുക - സന്തോഷിക്കുക
തുകിൽ - ഉറക്കം
വെറി - ചൂട്/വെയിൽ
കൂറ് - സ്നേഹം/വാത്സല്യം
സ്വനം - സ്വരം

മൗക്തികമാലാ ഭതനഗഗങ്ങൾ
തൃഷ്ടുപ്പ് (11)