പങ് ക്തി (10) എന്ന ഛന്ദസ്സിൽപ്പെട്ട ഒരു സമവൃത്തമാണ് സാരവതി. 3 ഭ ഗണങ്ങൾ നിരത്തി ഒടുക്കം ഒരു ഗുരു ചേർത്താൽ സാരവതിയായി.
കരയും തിരയും എന്ന് കേട്ടാൽ കര, പിന്നെ ഒരു തിര എന്നായിരിക്കും ആദ്യം മനസ്സിൽ തോന്നുന്നത് എങ്കിലും കരയും തിരയുന്നു എന്നുകൂടി ആവാം. അതുപോലെ തിരിച്ച് തിരയും കരയും എന്ന്പറയുമ്പോൾ തിരകൂടെ കരയുന്നു എന്നും ആവാം. അക്ഷരങ്ങൾ ഒന്നാണെങ്കിലും ഒന്ന് ക്രിയാപദവും മറ്റേത് നാമവുമാണല്ലോ. ഈ സാദ്ധ്യത ഉപയോഗിച്ചാണ് ഇതെഴുതിയിരിക്കുന്നത്. ഒപ്പം അനുപ്രാസവും. സമാനശബ്ദത്തിലുള്ള, അതേസമയം അർത്ഥവ്യത്യാസവുമുള്ള വാക്കുകളും കൂടെ ചേർത്തിരിക്കുന്നു..
കരയും തിരയും
തേടിവരും തിരതേടിവരും
കൂടിവരുന്നകദാഹമൊടെ
തീരമണഞ്ഞു പുണർന്നനിശം
ചേരണമാ കരതന്നിലിവൾ
(അനിശം - എല്ലായെപ്പോഴും)
കാമുകസന്നിധിയെന്ന നിധി
നിൻ മുഹുരാരുയിരായ വിധി
നിത്യനിബദ്ധവിഭാവനുമായ്
നിത്യതകണ്ട വിഭാവനമായ്
(മുഹുഃ - പിന്നെയും ആരുയിർ - ഏറ്റവും പ്രിയപ്പെട്ട ഉയിർ നിബദ്ധ - കൂട്ടിക്കെട്ടിയ വിഭാവൻ - സ്നേഹിതൻ വിഭാവനം - സങ്കല്പം)
പ്രേമവിലോലുപലോലിതമാം
കാമസമാഗമമാഗതമായ്
കോൾമയിരാലമലാനുഭവം
കോമളമാം പരിരംഭഭരം
(ലോലിത - അങ്ങോട്ടുമിങ്ങോട്ടും ചലിക്കുന്ന പരിരംഭം - ആലിംഗനം ഭരം - വളരെ)
ശക്വരി (14) എന്ന ഛന്ദസ്സിൽ ഉൾപ്പെട്ട ഒരു സംസ്കൃതവൃത്തമാണ് മദനാർത്ത. ഇതുതന്നെ പ്രാചാരാധിക്യംകൊണ്ട് 24 വൃത്തങ്ങൾ എന്ന ഭാഷാവൃത്തവിഭാഗത്തിലും ഇടം പിടിച്ചിട്ടുണ്ട്. ഇതിന്റെ ലാളിത്യമാർന്ന പദനിരയാകാം ഭാഷാവൃത്തമായി മാറ്റിയെഴുതുന്നതിനു കാരണം. ഗുരു ഗുരു ലഘു ലഘു എന്ന ക്രമം 3 വട്ടം ആവർത്തിച്ച് 2 ഗുരുക്കളോടെ അവസാനിക്കുന്നതിനാൽ ഒരു വരിയെത്തന്നെ മൂന്നായി മുറിച്ച് അതിൽ ദ്വാദശപ്രാസം കൊണ്ടുവരാനാണ് ശ്രമിച്ചത്.