ഒരുവരി രണ്ടുതവണ ഒരേപോലെ ആവർത്തിക്കുകയും അതിന്റെയർത്ഥം/താൽപര്യം രണ്ടുതരത്തിൽ ആയിരിക്കുകയും ചെയ്യുന്നതാണ് ലാടാനുപ്രാസം. ലാടശബ്ദത്തിന് ബാലിശമെന്നുകൂടി അർത്ഥമുണ്ടല്ലോ. അച്ഛന്റെ മടിയിൽ ഇരിക്കുകയെന്നത് ഒരു താൽപര്യം, അമ്മയുടെ പാലുകുടിക്കുകയെന്നത് മറ്റൊരു താൽപര്യം. ഇങ്ങനെയുള്ള ഒരുകുഞ്ഞിനെപ്പോലെ, ആണും പെണ്ണും പോലെ എതിർചേരികളിൽപ്പെട്ടതും, പലപ്പോഴും വിപരീതഭാവമുള്ളതുമായ രണ്ടുവ്യത്യസ്തവരികൾക്കിടയിൽ ഒരുപോലെ ‘ഇരുന്ന്‘ ഓരോവരികളോടും താദാത്മ്യത്തോടെ ചേരുകയും രണ്ടുവിധതാൽപര്യങ്ങൾ ധ്വനിപ്പിക്കുകയും ചെയ്യുന്നപ്രാസം. കുതിരലാടവും ലാടവൈദ്യവുമൊന്നും ഇതുമായി ബന്ധമുള്ളതല്ല. (ഇത് എൻ്റെസ്വന്തം വ്യാഖ്യാനമാണ്, യുക്തിഭദ്രമെന്നുതോന്നുന്നുവെങ്കിൽ മാത്രം സ്വീകരിക്കാം)
ദ്വാദശാക്ഷര പ്രാസത്തിൽ എഴുതിയ പദ്യമാണ് ഇത്. സാധാരണ ദ്വാദശ പ്രാസം കൊടുക്കുമ്പോൾ മത്തേഭം ആണ് ഉപയോഗിക്കാറുള്ളത്. ഇവിടെ സ്രഗ്ദ്ധര ആണ് ഉപയോഗിച്ചിരിക്കുന്നത്. ഏഴേഴായ് മൂന്നു ഖണ്ഡം എന്ന് പറയുമ്പോൾ ഓരോ 7 അക്ഷരങ്ങൾ കഴിയുമ്പോഴും യതി ഉണ്ട് എന്നർത്ഥം. ഈ യതി സ്ഥാനത്തു വെച്ച് തന്നെ ഒരു വരിയെ മൂന്നായി മുറിച്ച് 3 തവണ പ്രാസം കൊടുത്തിരിക്കുന്നു. അങ്ങനെ 4 വരിയിൽ മൊത്തം 12 തവണ ഒരേ അക്ഷരം ആവർത്തിക്കുന്നു.
മഴനിലാവ് വിഗ്രഹിക്കാൻ പറഞ്ഞാൻ മഴയും നിലാവും എന്നായിരിക്കും ആദ്യ ഉത്തരം. മഴപോലെ പെയ്യുന്ന നിലാവും രണ്ടാമതായി ഓർക്കും. ഒന്നും കൂടെ കടന്നു ചിന്തിച്ചാൽ ഒറ്റയ്ക്ക് പെയ്തപ്പോൾ പൂർണ്ണതയില്ലെന്ന തോന്നലിൽ മഴയോട് താദാത്മ്യം പ്രാപിച്ച് മഴയോടു കൂടെ ചേർന്ന് മഴ പോലെ പെയ്ത് മഴ മാറിയിട്ടും വീണ്ടും മഴ പോലെ പെയ്ത് പോകുന്ന ഒന്നാണ് മഴനിലാവ്.
ദ്വിതീയാക്ഷര പ്രാസം ഒരേ പോലെ നാല് വരികളിലും കൊടുക്കുന്നതിനു പുറമെ ഒരു വരിയെ തന്നെ രണ്ടായി മുറിച്ച്, ഒരു വരിയിൽ തന്നെ രണ്ട് തവണ ഉപയോഗിക്കുകയാണെങ്കിൽ ആകെ എട്ട് തവണ പ്രാസാക്ഷരം ആവർത്തിച്ച് വരും. ശാർദ്ദൂല വിക്രീഡിതത്തിന് പന്ത്രാണ്ടാമത്തെ അക്ഷരം കഴിഞ്ഞ് യതി വരുന്നുണ്ട് എന്നറിയാമല്ലോ. തന്നെയുമല്ല, യതിക്കു ശേഷം വരുന്ന രണ്ടാമത്തെ അക്ഷരം വരിയുടെ രണ്ടാമത്തെ അക്ഷരം പോലെ തന്നെ ഗുരു ആണ്. അതിനാൽ നമുക്ക് 12 + 7 എന്ന ക്രമത്തിൽ ഓരോ വരിയും മുറിച്ച് 8 തവണ ദ്വിതീയാക്ഷരപ്രാസം കൊടുത്ത് എഴുതാം. ഇതിനെ അഷ്ടപ്രാസം, അഷ്ടാക്ഷര പ്രാസം, എട്ടക്ഷര പ്രാസം എന്നൊക്കെ വിളിക്കാം
പ്രാസാക്ഷരം താഴെത്താഴെയായി വരി മുറിച്ച് എഴുതിയിട്ടുണ്ട്.
ആശാസുമങ്ങൾ
ചൂടും പൂവിതളെന്നുമേ പുലരിയിൽ,
വാടും ദലം സന്ധ്യയിൽ
പാടും പുഞ്ചിരിതൂകി, കാമ്യനികരം
കൂടും ഹൃദന്തത്തിലും
തേടും മറ്റൊരു പൂവിതൾ പുതിയനാൾ,
ആടും തുടർനാടകം
ഓടും ജീവിതമീവിധം വരിശപോ
ലേടും മറിച്ചങ്ങനേ
ഭാവാർദ്രം മതിദാരുവിൽ വിടരുമാ
പൂവാണൊരാശാസുമം
തൂവാനം മിഴിവേകിടാം, വെയിലിലോ
പോവാമുണങ്ങീട്ടതും,
മേവാമോർമ്മകളിൽ, പഴുത്തു കനിയാ
യാവാമതും ഭാവിയിൽ,
ദാവാഗ്നിക്കു കരിഞ്ഞിടാ,മതുവെറും
നോവായിയെന്നുംവരാം
വിങ്ങും നൊമ്പരമെന്തിനിന്നു വെറുതേ
തേങ്ങും മനക്കൂട്ടിലായ്?
മുങ്ങും സദ്ഗുണമുള്ളചിന്തന കടം
വാങ്ങും സരസ്സിൽ മനം
തിങ്ങും ചിന്തകളാൽ നിറഞ്ഞസുഭഗം
തങ്ങും സുഖം തുഷ്ടിയും
പൊങ്ങും മറ്റൊരു രമ്യകാമനമന
സ്സെങ്ങും വരാം കാന്തികൾ
ചെല്ലപ്പൂങ്കുല മൊട്ടിടും നിമിഷമെൻ
ചില്ലയ്ക്കതാനന്ദമായ്
വെല്ലട്ടേ നിറകാന്തിയിൽ പരിജനം
ചൊല്ലട്ടെ നിൻവാഴ്ത്തുകൾ
ഗല്ലത്തിൻ നിറമേകിടാൻ തരുവതീ
വില്ലല്ലെയേഴും നിറം
നല്ലത്താരിതുതീർക്കുവാൻ കുളിരിളം
ചില്ലല്ലെ മോടിക്കുമേ
ചിത്രത്തൂവലുവീശുവാൻ വരുവതോ
മിത്രങ്ങളായ് പക്ഷികൾ
പത്രങ്ങൾ തളിരൂയലായ് തഴുകുവാ
നത്രയ്ക്കുമോ ലാളനം?
വക് ത്രത്തിൻ കമനീയശോഭപകരാ
നെത്രപ്രിയം നിൻസ്മിതം
ചൈത്രത്തിൻ പുതുമോടിമൂടി വിടരാൻ
ചിത്രാംഗചിത്രീകൃതം!
ചേറ്റിൽ പൊങ്ങുമൊരേവിധം ചെടികളും
നൂറ്റിൽപരം പത്രിണീ
ഈറ്റില്ലം സമമാകയാൽ കളകളും
ഞാറ്റിൻറെയൊപ്പം വരും
മാറ്റില്ലേ കളകൾ, നിറഞ്ഞുവളരാൻ
ചേറ്റിൽ പതം ഞാറിനാ
മാറ്റിൽ പത്തരതന്നെയായ് തെളിയുമേ
ഞാറ്റിൽവരും പൊൻകതിർ
ചൊല്ലട്ടേ, കളപോലെയായ് വളരുമാ
പുല്ലല്ലനിൻചിന്തകൾ
അല്ലല്ലീ, മനമേവിടർന്നു കളപോ
ലല്ലല്ലതും വന്നിടാൻ
മുല്ലപ്പൂ നിജഗന്ധമോ പകരുമാ
കല്ലല്ലെ ദൃഷ്ടാന്തമായ്
നല്ലത്താരതു ലക്ഷ്മിതൻനിലയമാ
വല്ലപ്പൊഴും ഓർക്കനീ
വൃത്തം: ശാർദ്ദൂല വിക്രീഡിതം
പ്രാസം: അഷ്ടപ്രാസം
പദപരിചയം
തൂവാനം : ഉള്ളിലേയ്ക്ക് തെറിച്ചു വീഴുന്ന (വെള്ള)മഴത്തുള്ളി
ശാർദ്ദൂലവിക്രീഡിതം എന്നാൽ പുലികളിയെന്നാണല്ലോ ഒരു മഹാനുഭാവൻ അർത്ഥം കൽപിച്ചത്. ആലോചിച്ചു നോക്കിയപ്പോൾ അത് വെറും ക്രീഡയല്ല, വിക്രീഡയാണ്. അപ്പോൾ ക്രീഡയും പലതരം വേണമല്ലോ.
പ്രാസങ്ങളെ അക്ഷരങ്ങളുടെ ആവർത്തനത്തിന്റെ സ്ഥാനവും ക്രമവും എണ്ണവും അടിസ്ഥാനപ്പെടുത്തിയാണ് തരം തിരിക്കുന്നത്. ഭാഷാഭൂഷണം പറയുന്നനിർവ്വചനങ്ങൾക്കപ്പുറം ഗണിതയുക്തിയിൽ അതിനെ ഇങ്ങനെയും പറയാം, അഥവാ ഭാഷാഭൂഷണം പറഞ്ഞിരിക്കുന്ന പ്രാസങ്ങളുടെ കണക്കിലൂടെയുള്ള ഒരു വിശദീകരണം മാത്രമാണിത്.
രണ്ടക്ഷര പ്രാസം 1 x 2 = 2 (ഒരു വരിയിൽ ഒരു തവണ x 2 വരികൾ)
ഒരുവ്യഞ്ജനം (ശബ്ദമോ) രണ്ടുതവണ രണ്ടുവരികളിലായി ഒരു പ്രത്യേകസ്ഥാനത്ത് ആവർത്തിച്ചുവരുന്നു. ഇത് ആദ്യാക്ഷരമോ രണ്ടാമത്തെ അക്ഷരമോ അന്ത്യാക്ഷരമോ ആവാം. ഇതാണ് ആദ്യാക്ഷര പ്രാസവും കേരള പ്രാസമെന്ന ദ്വിതീയാക്ഷര പ്രാസവും ഉത്തരേന്ത്യൻ ശൈലിയിലുള്ള അന്ത്യാക്ഷര പ്രാസവും.
നാലക്ഷര പ്രാസം
2 x 2 = 4 (ഒരു വരിയിൽ രണ്ടു തവണ x 2 വരികൾ)
ഉദാഹരണം, ഒരു വരിയിൽ 18 അക്ഷരങ്ങളുണ്ടെങ്കിൽ, രണ്ടുവരികളിലെ രണ്ടാമത്തേയും പത്താമത്തേയും അക്ഷരങ്ങൾ ഒരേവ്യഞ്ജനമോ ശബ്ദമോ ആയി പ്രയോഗിക്കുന്നു. അതായത് അഷ്ടപ്രാസത്തിൻ്റെ നേർപകുതി! അതുമല്ലെങ്കിൽ ഒരേഅക്ഷരത്തിനെ ആദ്യാക്ഷര പ്രാസമായും അന്ത്യാക്ഷരപ്രാസമായും ഉപയോഗിക്കുന്നു. ഇതൊക്കെ അതിന്റെ ഗണിതയുക്തി മാത്രമാണ്. എണ്ണം പറഞ്ഞ പ്രാസങ്ങൾ ഉപയോഗിക്കുമ്പോൾ ആദ്യാക്ഷരവും അന്ത്യാക്ഷരവും ഒഴികെ ബാക്കിയുള്ള സ്ഥാനങ്ങളിലാണ് പ്രാസം കണക്കാക്കുന്നത് എന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നുരണ്ടക്ഷരപ്രാസത്തിനെ തന്നെ 4 വരികളിലേയ്ക്ക് നീട്ടിയെഴുതി 1 x 4 = 4 എന്ന രീതിയിൽ നാലക്ഷര പ്രാസം കൊണ്ടുവരുന്നു. പക്ഷെ, സാമാന്യമായി അത് ദ്വിതീയാക്ഷരപ്രാസം എന്നേ നമ്മൾ മനസ്സിലാക്കൂ.
ആറക്ഷര പ്രാസം
2 x 3 = 6
ഒരു അക്ഷരം ഒരു വരിയിൽ 3 തവണ, അങ്ങനെ 2 വരികൾ. ഇത് ദ്വാദശ പ്രാസത്തിന്റെ പകുതിയാണ്. ഒരു സാധ്യത മാത്രം, ഗണിതയുക്തിയിൽ മാത്രം ശരിയും.
എട്ടക്ഷര പ്രാസം
2 x 4 = 8
ഒരക്ഷരം ഒരു വരിയിൽ 4 തവണ, അങ്ങനെ 2 വരികൾ. ഇത് ഷോഡശപ്രാസത്തിന്റെ പകുതിയാണ്. ഇങ്ങനെ ആരും എഴുതാറില്ലെന്നുകൂടി പറഞ്ഞോട്ടെ
അല്ലെങ്കിൽ 4 x 2 = 8
ഒരക്ഷരം ഒരു വരിയിൽ 2 തവണ, അങ്ങനെ 4 വരികൾ. യതിയോട് ചേർന്നുവരുന്നസ്ഥാനങ്ങളിൽ പ്രാസം ഉപയോഗിക്കുന്നതായാണ് ഭാഷാഭൂഷണം പറയുന്നത്. ഉദാഹരണമായി ശാർദ്ദൂലവിക്രീഡിതവും. പക്ഷെ അഷ്ടപ്രാസത്തിന് യതി വേണമോ, ഏതെങ്കിലും ഒരു സമാവൃത്തം പോരേ, പാദങ്ങളുടെ സന്തുലിതഗണക്രമമോ അതിന്റെ സ്വാഭാവികതാളത്തിൽ/ഈണത്തിൽ വരുന്ന രണ്ടു സ്വരസ്ഥാനങ്ങളോ പോരേ ? വലതുഭാഗത്തെ ലേബൽ സൂചിക നോക്കൂ, ഏതെല്ലാം വൃത്തങ്ങളിലാണ് അഷ്ടപ്രാസം ഞാൻ ചേർത്തിരിക്കുന്നത് എന്ന് കാണാം
ദശാക്ഷര പ്രാസം
2 x 5 = 10
ഒരു സാധ്യത മാത്രം, ആരും ഉപയോഗിക്കാറില്ല. ഉദാഹരണമായി, വൃത്തമഞ്ജരിയിൽനിന്നും ഒരുവരിയിൽ 20 - 26 അക്ഷരങ്ങളുള്ള ഏതെങ്കിലും ഒരു സമവൃത്തമെടുത്ത് ഓരോ വരിയും 5 ആയി മുറിച്ച് രണ്ടുവരികൾ പ്രാസം ചേർത്ത് എഴുതിയാൽ ദശാക്ഷര പ്രാസമായി. അങ്ങനെ 4 വരിയും എഴുതാനായാൽ അത് 20 അക്ഷരങ്ങളുടെ പ്രാസമായി എന്നും പറയണം. (വിംശതിപ്രാസം)
ദ്വാദശപ്രാസം
4 x 3 = 12
ഒരക്ഷരം ഒരു വരിയിൽ 3 തവണ, അങ്ങനെ 4 വരികൾ.
ഒരു വരിയിൽ 18 അക്ഷരങ്ങളിൽ കൂടുതൽ വരുമ്പോൾ വൃത്തത്തിന്റെ താളത്തിനനുസരിച്ച് അവയെ മൂന്നായി പകുത്ത് 4 വരികൾ എഴുതുന്നു. പ്രാസാലങ്കാരത്തിന്റെ ശബ്ദഭംഗി വളരെ പ്രകടമായി കാണാം. മത്തേഭം പോലുള്ള വൃത്തങ്ങളിൽ ഇത് നന്നേ യോജിക്കും. ഇതാണ് ഭാഷാഭൂഷണത്തിലെ ഉദാഹരണവും. പക്ഷേ വലതുവശത്തു കാണുന്ന ലേബൽ സൂചിക നോക്കൂ, വേറെ ഏതെല്ലാം വൃത്തങ്ങളിൽ ഞാൻ ദ്വാദശപ്രാസം കൊണ്ടുവന്നിട്ടുണ്ട് എന്നുകാണാം
ഷോഡശപ്രാസം
4 x 4 = 16
ഒരു വരിയിൽ ഒരു അക്ഷരം 4 തവണ, അങ്ങനെ 4 വരികൾ. അതുകൊണ്ടു തന്നെ പ്രാസാലങ്കാരങ്ങളിൽ വെച്ച് ഏറ്റവും ബുദ്ധിമുട്ടുള്ളത്. നാലായി മുറിക്കാനാവുന്ന വരികൾ വരുന്ന ഏത് സമവൃത്തത്തിലും ഇത് പരീക്ഷിക്കാവുന്നതേയുള്ളൂ.
പ്രാസാക്ഷരം അല്ലെങ്കിൽ ശബ്ദം ഉപയോഗിക്കന്നതും ചില നീക്കുപോക്കുകൾക്ക് വിധേയമായാണ്. ഒരു വ്യഞ്ജനം, ഉദാഹരണം ക ഉപയോഗിച്ചു തുടങ്ങി എന്നിരിക്കട്ടെ. ഇത് ആവർത്തിക്കുമ്പോൾ കി എന്നോ കു എന്നോ കൃ എന്നോ മാറ്റി ഉപയോഗിക്കുന്നു. (സ്വരഭേദം വരുത്തുക) അതല്ലെങ്കിൽ കുറേക്കൂടി കർശനമായി ക മാത്രമായി ഉപയോഗിക്കുന്നു. ഇതിലേത് ശരി ഏത് തെറ്റ് എന്നില്ല. പ്രാസം വ്യഞ്ജനത്തിനാണെന്നും അതോടൊപ്പം ചേരുന്ന സ്വരാക്ഷരങ്ങളെ കണക്കിലെടുക്കേണ്ടെന്നും ഭാഷാഭൂഷണം. എന്നാലും സ്വരഭേദം വരുത്താതെ ഷോഡശപ്രാസം കൊടുക്കുക എന്നുപറയുന്നത് ഒരു രസമല്ലേ, കുറച്ചധികം മെനക്കെട്ട പണിയാണ് എങ്കിലും.
ഷോഡശപ്രാസത്തിലെഴുതിയ ചില പദ്യങ്ങളാണ് ഇവിടെ കൊടുക്കുന്നത്. സാധാരണ പതിനെട്ടോ ഇരുപതോ അതിലധികമോ അക്ഷരങ്ങൾ ഒരു വരിയിൽ വരുന്ന ഏതെങ്കിലും വൃത്തത്തിലാണ് ഷോഡശാക്ഷര പ്രാസം ഉപയോഗിക്കാറുള്ളത്.
ആദ്യമായി കുസുമമഞ്ജരി വൃത്തത്തിൽ സ്വരഭേദം വരുത്താതെ എഴുതിയത്. ഇതിൽ ഒരു വരിയിൽ 21 അക്ഷരങ്ങളുണ്ട്.
ര
പാരവെണ്മയൊടു ശാരദേന്ദുമതി താരവാനിലൊരു സാരസം
നീരണിഞ്ഞ പുതു കൈരവങ്ങളുടെ മാരകേളി പകരും രജം
ഗൗരവർണ്ണ ദല താരണിഞ്ഞ ലത തോരണങ്ങളുടെ സൗരഭം
പാരറിഞ്ഞു കനി ഭാരമേന്തിയുലയും രസാല വന തേൻ രസം
അധിക വെൺമയോടെ അരയന്നം കണക്കെ വാനിൽ നീന്തി വന്ന ചന്ദ്രനെ കണ്ട് ആമ്പലിന്റെ പൂമ്പൊടി മാര കേളിക്കു സജ്ജമായി. ഇത് കണ്ട് വള്ളി (മുല്ല) തോരണം പോലെ പടർന്നു കയറി തന്റെ വെളുത്ത പൂക്കളിലുള്ള സൗരഭം മാവിന് പകർന്നതാണ് അതിലെ പഴത്തിന്റെ തേൻ രസമെന്നു ലോകമറിഞ്ഞു.
അതേ സമയം വാകമേലെ അതിയായ ശോകത്തോടെ ഉച്ചത്തിൽ ഒരു കുയിൽ ഏകനായ് കൂകുമ്പോൾ (മറ്റുള്ളവർക്ക്) അവിടെ ഒരു മധുര നാദത്തിന്റെ സമുദ്രം തന്നെയുണ്ടെങ്കിലും കുയിലിന് അത് കരാളമാണ് (വിരഹം). വെള്ളത്തുള്ളി കൊണ്ടലങ്കരിച്ച (നീഹാരം) വശ്യമായ ഒരു കടും നിറം (തൻറെ പൂക്കളിൽ) കലർത്തുവാനാകണം അതിശോകമുള്ള ആ ശബ്ദം കടഞ്ഞസുധ വാകയുടെ ചുവന്ന പൂക്കളായത്.
മലർകളായ് എന്നതിലെ ർ എന്ന ചില്ലക്ഷരം ഉറപ്പിച്ചു പറയാത്തതിനാൽ ല എന്ന അക്ഷരത്തിന് ഗുരു സ്ഥാനം കൃത്യമായി കിട്ടുന്നില്ല.
ഈ കല്ലുകടി ഒഴിവാക്കാൻ ആ വരി ഇങ്ങനെ ആക്കാം.
ശോകമേറിയരവംകടഞ്ഞസുധ വാകപൂത്തനിറമാകയായ്
ഇതിന്റെ ഒരു വിപുലീകരിച്ച പതിപ്പ് നിലാവസന്തം എന്ന പേരിൽ കൊടുത്തിട്ടുണ്ടു്.
കുസുമമഞ്ജരിയിൽ ഒരു ന ഗണം 3 വട്ടം ആവർത്തിച്ച് വരുന്നുണ്ട്. ഇതിൽ ഓരോ ന ഗണത്തിൽ നിന്നും ഓരോ മാത്ര വീതം കുറച്ചെടുത്താൽ അത് 18 അക്ഷരങ്ങളിൽ നില്കും. അങ്ങനെ ര ന ര ന ര ന ര മാറി ര സ ജ ജ ഭ ര എന്നാകും. അതാണ് മല്ലിക. മറ്റൊരുതരത്തിൽ പറഞ്ഞാൽ കുസുമ മഞ്ജരിയുടെ അനിയത്തിയായിവരും മല്ലിക!
ഇനി ഒന്ന് ചുരുക്കി മല്ലികയിലേക്ക് എഴുതാം.കൂട്ടക്ഷരമായി "ക " ആണ് ഇവിടെ പ്രാസത്തിനെടുത്തിരിക്കുന്നത്. പൂക്കടമ്പുകളൊക്കെയും അരുവിക്കരയ്ക്കിരുപക്കമായ് പൂക്കളങ്ങളൊരുക്കവേ മറ നീക്കിയെത്തിയൊരർക്കനോ നോക്കെറിഞ്ഞിരുളൊക്കെ വർണ്ണമൊഴുക്കി വന്നിഹ പോക്കവേ പൂക്കളിന്നു മയക്കിടുന്നു തിളക്കമോടൊരു ദൃക്കിനേ
ഈ ശ്ലോകത്തിന്റെ മുഴുവൻ ഭാഗവും വസന്തവനം എന്ന പേരിൽ കൊടുത്തിട്ടുണ്ടു്.
അടുത്തതായി ഒരുവരിയിലെ അക്ഷരങ്ങളെ പരമാവധി ചുരുക്കി ഒരു പരീക്ഷണം. ഇവിടെ ഉപയോഗിച്ചിരിക്കുന്നത് ഒരു വരിയിൽ 12 അക്ഷരങ്ങൾ മാത്രം വരുന്ന വൃത്തമാണ്. അതായത് കുറുക്കിയെഴുതിയ വരികളിലെ 4 ഗണങ്ങളും പ്രാസാക്ഷരം ഉൾപ്പെട്ടതാണ്. മാത്രവുമല്ല പ്രാസാക്ഷരം മാറാതെ നിലനിർത്തിയിട്ടുണ്ട് . (മ എന്നത് മി എന്നോ മു എന്നോ മാറുന്നില്ല.)
വൃത്തം: തോടകം
മ
സുമമഞ്ജിമയാൽ പ്രമദം ഭ്രമരം
കമനീയ മരാളമഗംഗമനം
സമശോണിമയാൽ ദ്രുമസൂനമയം
ഹിമപൂർണ്ണിമയിൽ ചമയും സമയം
രഞ്ജന: നിറം പിടിപ്പിക്കുന്ന/ചായമിടുന്ന/സന്തോഷിപ്പിക്കുന്ന
ഗന്ധനം: മണം പരത്തൽ
കൂജനം :കുയിലിന്റെ പാട്ട്
സുവരം: അനുഗ്രഹീതമായ
പ്രവദം :ഉച്ചത്തിൽ പറഞ്ഞ/പാടിയ
പ്രവരം: കുലം/ആ ഗണത്തിൽ പെട്ട
രവം :ശബ്ദം നീരവം :നിശ്ശബ്ദത
ദിവം: ആകാശം കുവം: ആമ്പൽ
പ്ളവകം :പൊന്തിക്കിടക്കുന്ന
ഐന്ദവ : ഇന്ദുവിൻറെ
വിംശതിപ്രാസം
4 x 4 = 20 വിംശതിപ്രാസം. വിംശതി എന്നാൽ 20. ഒരു വരിയിൽ 5 തവണവീതം 4 വരികളിലായി മൊത്തം 20 തവണ. ഇതൊരു ഗണിതസാധ്യത മാത്രമല്ല, സന്തുലിതഗണക്രമമുള്ള വൃത്തങ്ങളിൽ എഴുതുവാനും സാധിക്കും. അത്തരത്തിലുള്ള ഒരു മുഴുനീള കവിത അമോഘകുസുമം എന്ന പേരിൽ പ്രത്യേകമായിത്തന്നെ ചേർത്തിട്ടുണ്ടു്.
cheti bhavan nikhila Malayalam Translation with word by word meaning
മത്തേഭം എന്ന വാക്കിന് മദയാന എന്നാണര്‍ത്ഥം. ആകൃതി എന്ന വിഭാഗത്തിൽപ്പെടുന്ന ഒരു വൃത്തമാണിത്. ഒരു വരിയിൽ 22 അക്ഷരങ്ങൾ വീതമുള്ള നാലു വരി പദ്യങ്ങളാണ് ആകൃതി എന്ന വിഭാഗത്തിൽപ്പെടുന്നത്. അതായത് 7 ഗണങ്ങളും പിന്നെ ഒരു അക്ഷരവും ചേർന്ന വൃത്തങ്ങൾ ഛന്ദശാസ്ത്രമനുസരിച്ച് ആകൃതിയിൽപ്പെടുന്നു.
മത്തേഭ സംജ്ഞമിഹ വൃത്തം ധരിക്ക തഭയത്തോടു ജം സരനഗം
അശ്വധാടി എന്നൊരു പേര് ഈ വൃത്തത്തിന് കേരളത്തിനു പുറമേ കൊടുത്തു കാണുന്നു. അവരുടെ സിദ്ധാന്തമനുസരിച്ച് ഈ വൃത്തത്തിന് കുതിരക്കുളമ്പടി താളമാണ്. ആന മദിച്ചു വരുന്നതുപോലെയാണോ അതോ കുതിര കുളമ്പടിച്ചു വരുന്ന താളമാണോ ഈ വൃത്തത്തിന് യോജിക്കുക എന്ന വിഷയം തൽക്കാലം മാറ്റിവെയ്ക്കാം.
ദ്വാദശ പ്രാസത്തിലാണ് ഈ ശ്ലോകം എഴുതിയിട്ടുള്ളത്. ഈ വൃത്തത്തിൽ എഴുതിയിട്ടുള്ള സ്തോത്രങ്ങൾ താരതമ്യേന കുറവവായതിനാൽ യേശുദാസ് പാടിയ അയ്യപ്പ സുപ്രഭാതത്തിലെ 'വ്യാഘ്രീചരേശഭവതാത്സുപ്രഭാതമിഹപമ്പാതടാദ്ര/അധിപതേ' എന്നവസാനിക്കുന്ന ശ്ലോകങ്ങളാണ് ഒരു ഉദാഹരണമായി പെട്ടെന്ന് പറയാനുള്ളത്. ആ ശ്ലോകങ്ങൾക്ക് ഇല്ലാത്തതും ഇതിനുള്ളതുമായ ഒരു വലിയ പ്രത്യേകതയാണ് ദ്വാദശാക്ഷര പ്രാസം. പ്രാസാക്ഷരം ഓരോ വരിയിലും 2, 9, 16 എന്നീ സ്ഥാനങ്ങളിൽ ആവർത്തിക്കുന്നതായി കാണാം. അങ്ങനെ 4 വരികളിലായി മൊത്തം 12 തവണ പ്രാസാക്ഷരം ആവർത്തിക്കപ്പെടുന്നതിനാൽ ഇതിനെ ദ്വാദശപ്രാസം എന്നു കണക്കാക്കുന്നു. വെറും രണ്ടക്ഷരത്തിന്റെ പ്രാസത്തിൽ കവിതയെഴുതാൻ വിമുഖത കാണിക്കുന്ന കവികൾക്കു മുൻപിൽ ഈ 12 അക്ഷരങ്ങൾ മത്തേഭങ്ങളായി തലയുയർത്തി നിൽക്കട്ടെ.
രചനാ പാടവം കൊണ്ട് സമ്പുഷ്ടമായ ഈ സ്തോത്രം രചിച്ചത് കാളിദാസനാണെന്നാണ് കരുതപ്പെടുന്നത്. മൂഢനായ മനുഷ്യൻ കാളിയുടെ ദയാ വായ്പ്പിനാൽ ജ്ഞാനിയായി, ‘കാളി ദാസ‘നായി മാറിയപ്പോൾ ആദ്യം ചൊല്ലിയ ശ്യാമളാ ദണ്ഡകത്തിന് പിന്നോടിയായി വന്നതാണ് ഈ സ്തുതി എന്ന് കരുതപ്പെടുന്നു. ഒന്നാമത്തെ ശ്ലോകത്തിൽ തന്നെ ഇതിന്റെ ഒരു സൂചന നമുക്ക് ലഭിക്കുന്നുണ്ട്. തന്നേയുമല്ല, കവി പ്രാർത്ഥിക്കുന്നത് കവന ശേഷിക്കാണ്. കവിത്വം കുതിരക്കുളമ്പടി താളത്തിലും അധിക പ്രൗഢിയിൽ വേണം, മന്ദാകിനിയിലും നന്നായി തടസ്സമില്ലാതെ ഒഴുകി വരണം, ദുരിതം മാറ്റിത്തരണം എന്നിങ്ങനെയുള്ള പ്രാർത്ഥനകൾ കാളിദാസന്റെ അറിയപ്പെടുന്ന ചരിത്രവുമായി യോജിച്ചു പോകുന്നതുമാണ്.
കാളിദാസ ദശശ്ലോകി, കാളിസ്തുതി എന്നിങ്ങനെയൊക്കെ ഈ സ്തുതിയെ വിളിക്കുന്നുണ്ട്. ദശശ്ലോകി എന്നാല്‍ 10 ശ്ലോകങ്ങളേ വേണ്ടൂ. ഇവിടെ 13 എണ്ണമുണ്ട്. കാളിയെ മാത്രമല്ല, കവി ദേവിയെ എല്ലാ പ്രത്യക്ഷ ഭാവത്തിലും സ്തുതിക്കുന്നുണ്ട്. അതുകൊണ്ട് ഇതിനെ ദേവിസ്തുതി എന്നു വിളിക്കാം.
സംസ്കൃതത്തില്‍ (വൈദിക സംസ്കൃതത്തില്‍ ഒഴികെ) ള എന്ന അക്ഷരമില്ല. ല കാരം മാത്രമേയുള്ളൂ. തമിഴ് കലര്‍ന്നപ്പോള്‍ മലയാളത്തില്‍ ചില ലകാരങ്ങള്‍ ളകാരങ്ങളായി. ശ്ലോകത്തില്‍ ദ്വാദശപ്രാസം നിലനിര്‍ത്താന്‍ വേണ്ടി ലകാരമായിത്തന്നെ എഴുതിയിട്ടുണ്ട്. ഈ മാറ്റം ശ്രദ്ധിക്കുക.
യാ - യാതൊരാൾ
ആലീഭിർ- ഭൃത്യകളൊത്ത്
ആത്മതനുത് - ആത്മഭാവത്തെ
ആലീന ക്രൃത് - ആലിംഗനം ചെയ്ത്
പ്രിയ - പ്രിയപ്പെട്ട
കപാലീഷു - ശിവനോടൊത്ത്
ഖേലതി - ലീലയാടി
ഭവാ - ഭവിക്കുന്നു
വ്യാലീന - ഇടതിങ്ങിയ
കുൽ - ഒത്തുചേർന്ന
അസിത - കറുത്ത
ചൂലീ ഭരാ - തലമുടി ഭാരം
ചരണ ധൂലീ (ളീ) - കാലിലെ പൊടിയിൽ
ലസത് - പരിലസിക്കുന്നു
മുനി ഗണാ - മുനി വൃന്ദം
യാ - യാതൊരാൾ
ആലീ(ളീ) - ദാസികളെ
ഭൃതി - ഭരിക്കുന്നു/രക്ഷിക്കുന്നു
ശ്രവസി - ചെവിയിൽ
താലീ ദലം - നിലപ്പനയുടെ ഇല (ദശപുഷ്പങ്ങളിൽ ഒന്ന്)
വഹതി - വഹിച്ച്
യാ- ആരുടെ
ആലീക - നെറ്റിയിൽ
ശോഭി തിലകാ - തിലകം ശോഭിക്കുന്നു
ശാലീ - ഉള്ളവൻ (ഉദാ: ഭാഗ്യശാലി, കീർത്തിശാലി)
കരോതു - ആക്കണമേ
മമ - എന്റെ
കാലീ - (അജ്ഞാനത്താല്‍) കറുത്ത (എന്റെ കാളീ എന്നും വായിക്കാം)
മന - മനസ്സിനെ
സ്വ - എന്റെ/തന്റെ
പദ - പാദം
നാലീക - താമര പോലത്തെ
സേവന വിധൗ - വിധിയാം വണ്ണം സേവിക്കുന്ന
ന്യങ്കാകരേ - കരിമാൻ കൈയിലുള്ള
വപുഷി - ദേഹത്തിൽ
കങ്കാല - അസ്ഥിപഞ്ജരം
രക്ത - ശിവൻ
പുഷി - പോഷിപ്പിക്കുന്ന
കങ്ക ആദി - കൊക്ക്/കഴുകൻ പോലുള്ള
പക്ഷി - പക്ഷി (വസിക്കുന്ന)
വിഷയേ - പ്രദേശം (സ്മശാനത്തെ ഉദ്ദേശിക്കുന്നു)
ത്വം - നീ/നിങ്ങൾ
കാമനഃ - കാമുകൻ
അയസി - പോകുന്നു
കിം കാരണം- എന്ത് കാരണം
ഹൃദയ - മനസ്സിലെ
പങ്കാരി - പങ്കം അഥവാ പാപം നശിപ്പിക്കുന്ന
മേ - എനിക്ക്/ എന്റെ
ഗിരിജാം - ഗിരിയിൽ ജനിച്ചവൾ
ശങ്കാ ശിലാ - ആശങ്ക/ഭയം എന്ന പാറ
നിശിത - മൂർച്ചയുള്ള
തങ്കായമാന - കല്ലുകൊത്തുന്ന മഴു കണക്കെയുള്ള
പദ - പാദങ്ങൾ
സങ്കാശമാന - അടുത്തുള്ള
സുമനോ - നല്ല മനസ്സുള്ള
ഝങ്കാരി - മൂളുന്ന
ഭൃംഗ തതിം -വണ്ടിന്റെ സമൂഹം
അങ്കഃ - പർവ്വതം
അനു - കൂടെ
ഉപേത - സമീപിക്കുന്ന
ശശി - ചന്ദ്ര
സങ്കാശ - സദൃശമായ
വക്ത്ര കമലാം - മുഖമെന്ന താമര
ഇതിലെ മൂന്നാം വരി മോഹിനി രൂപത്തെക്കണ്ടു മതിമറന്നുപോയ ശിവന്റെ ചേഷ്ടകൾ കണ്ടു ലജ്ജിച്ചു പോയ പാർവതിയെക്കുറിച്ചാണ്. പക്ഷെ ഒന്നും രണ്ടും വരികളെ യോജിപിക്കുന്ന കഥ മനസ്സിലായില്ല. തൽക്കാലം ഇന്ദ്രൻ രംഭയ്ക്ക് പിറകെ - രംഭ ദേവിക്കു പിറകെ എന്ന രീതിയിൽ എടുക്കുന്നു. മറ്റൊന്ന് ഗുംഫാ എന്നവാക്കാണ്. ഭ എന്ന അക്ഷരമാണ് ഷോഡശപ്രാസത്തിന് ശരിക്കും വേണ്ടിയിരുന്നത്. കാളിദാസൻ ഇവിടെ 11 കൊമ്പന്മാരെയും ഒരു പിടിയാനയേയും നിർത്തി ഷോഡശപ്രാസം ഒപ്പിച്ചു എന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്. പക്ഷെ അർത്ഥം ശരിയാണ്, തന്നേയുമല്ല ഭ എന്ന അക്ഷരം തന്നെ വരുന്ന മറ്റൊരു വാക്ക് അന്വേഷിച്ചിട്ടൊട്ടു കിട്ടിയതുമില്ല.
ജംഭാരി - ജംഭന്റെ ശത്രു (ഇന്ദ്രൻ)
കുംഭി - ആനയുടെ
പൃഥു - തടിച്ച / സമൃദ്ധമായ
കുംഭ - മസ്തകം (ത്തെ)
അപഹാസി - അപഹസിക്കുന്ന
കുച - സ്തനം
സംഭാവ്യ - വിഭാവനം ചെയ്ത്/ഭാവിച്ച്
ഹാ രതി ലകാ - ഹാ പ്രിയം തോന്നിയ (ഹാര തിലകാ എന്നതിനെ മറ്റൊരു രീതിയിൽ പദം മുറിച്ചു നോക്കി)
രംഭാ - രംഭയെന്ന അപ്സരസ്സ് (മഹിഷാസുരന്റെ അച്ഛ്ൻ രംഭാസുരനാണ്. പക്ഷെ മാറിടത്തെക്കുറിച്ച് ആദ്യവരിയിൽ പറഞ്ഞിരിക്കുന്നത് രംഭയെന്ന അപ്സരസ്സിനെക്കുറിച്ചാണെന്ന് അർത്ഥമെടുക്കുന്നു.)
കരി - ചെയ്തു
ഇന്ദ്ര കര - ഇന്ദ്രന്റെ കൈയ്യിലെ
ദംഭഃ - വജ്രായുധം
അപഹാ - മറയ്ക്കൽ
ഉരു ഗതി - മഹത്തായ അഭയം
ഡിംഭഃ - കൊച്ചുകുട്ടിയാൽ
അനുരഞ്ജിത - സന്തോഷിപ്പിക്കപ്പെടുന്ന
പദാ - പാദങ്ങൾ
ശംഭഃ - വിഷ്ണു (മോഹിനി രൂപം പൂണ്ട)
ഉദാര - നിറഞ്ഞ മനസ്സോടെ
പരിരംഭ അങ്കുരാത് - ആലിംഗനത്തിൽ അങ്കുരിച്ച
പുളക - രോമാഞ്ചം / കോരിത്തരിച്ച്
ദംഭ അനുരാഗ - ശിവന്റെ അനുരാഗത്തിൽ
പിശുനാ - അപവാദം പറയുന്ന
ശം - മംഗളകരം
ഭാസുര - ഭാസുരമായ
ആഭരണ - ആഭയുള്ളത്
ഗുംഫാ - പദബന്ധം/പൂമാല (പദങ്ങൾ വൃത്തത്തിൽ കൊരുത്തതാണ് കവിത)
സദാ - എന്നും/എപ്പോഴും
ദിശതു - തന്നാലും
ശുംഭാസുര പ്രഹരണാ - ശുംഭാസുരനെ വധിച്ചവളേ
ദേവന്മാർ അവരുടെ കിരീടത്തിൽ താമരപ്പൂ ചൂടുന്നുവെന്നും അവർ ദേവിയെ നമസ്കരിക്കുമ്പോൾ കിരീടത്തിലെ താമരയിലെ തേൻ അഭിഷേകമായി കാലിൽ വീഴുന്നുവെന്നും ഭാവിക്കുന്നു.
ഈ സ്തുതിയെ കൂടുതൽ മനസ്സിലാക്കുന്നതിനു വേണ്ടി ഏതാനും കാര്യങ്ങളെഴുതാം. സ്തോത്രം തുടങ്ങുന്നതു തന്നെ എല്ലാവരും ഭൃത്യകളായി ഭവിക്കുന്നു എന്നു പറഞ്ഞാണ്. പാർവ്വതീ ദേവിക്കു മുമ്പിൽ പരമശിവനൊഴികെ മറ്റാരും പുരുഷന്മാരല്ല, അതിനാൽ ദാസികളേയുള്ളൂ ദാസന്മാരില്ല. ദേവിയുടെ വാസസ്ഥലം സൗന്ദര്യ ലഹരി 8 - ാം ശ്ലോകപ്രകാരം സുധാസിന്ധുവിന്റെ നടുവിൽ കൽപവൃക്ഷോദ്യാനത്താൽ ചുറ്റപ്പെട്ട രതദ്വീപിൽ കടമ്പുമരങ്ങൾ നിറഞ്ഞ ആരാമത്തിലെ ചിന്താമണിഗൃഹത്തിൽ ശിവാകാരമഞ്ചത്തിലെ പരമശിവ പര്യങ്കത്തിലാണ്. ദേവിയുടെ കാൽക്കീഴിൽ മറ്റു ദേവന്മാരെല്ലാം നമിച്ചു കിടക്കുന്നു. സൗന്ദര്യലഹരി 29-ാം ശ്ലോകത്തിൽ പറയുന്നത് പ്രതീക്ഷിക്കാത്ത നേരത്ത് ശിവൻ കയറി വരുന്നതു കണ്ട് ദേവി എഴുന്നേറ്റപ്പോൾ അറിയാതെ താഴെ നമസ്കരിച്ചു കിടക്കുന്ന ഇന്ദ്രൻ, വിഷ്ണു, ബ്രഹ്മാവ് എന്നിങ്ങനെയുള്ളവരുടെ കിരീടത്തിൽ ചവുട്ടിയെങ്കിലോ എന്നോർത്ത് ദേവിയുടെ പരിജനങ്ങൾ ഇവിടെ ബ്രഹ്മാവ്, അവിടെ വിഷ്ണു, അയ്യോ ഇന്ദ്രൻ എന്നിങ്ങനെ പറയുന്നു എന്നാണ്.
കിരീടം വെച്ചവർ നമസ്കരിച്ചു കിടക്കുമ്പോൾ കിരീടത്തിലെ ദിവ്യ രത്നങ്ങളുടെ പ്രഭ വീഴുന്നത് ദേവിയുടെ കാലിലേയ്ക്കാണ്. കിരീടം വെച്ച എല്ലാവരും സാഷ്ടാംഗം നമസ്കരിക്കുന്ന പാർവ്വതിയുടെയും പതി ശിവന്റെയും കിരീടമെന്താണ് ? വെറും ജടാജൂട മകുടം! മഹിഷാസുരമർദ്ദിനി സ്തോത്രത്തിൽ ദേവിയെ രമ്യകപർദ്ദിനി (മനോഹരമായ മുടിക്കെട്ടോടുകൂടിയവൾ) എന്നാണ് വിശേഷിപ്പുക്കുന്നത്. അപ്പോൾ കിരീടമില്ലാത്ത രണ്ടേരണ്ടു പേർ ശിവനും പാർവ്വതിയുമാണ്. കിരീടം സമ്പത്തിന്റെയും അധികാരത്തിന്റെയും പ്രതീകങ്ങളാണ്. അതില്ലാത്ത രണ്ടുപേർക്കു മുന്നിലാണ് അത് ധരിച്ച എല്ലാവരും കുമ്പിടുന്നത് എന്നത് ശ്രദ്ധേയമാണ്.
പ്രമബ്ഥനാഥനാണ് ശിവൻ, ദേവിയും അങ്ങനെ തന്നെ (ദൂതകൃതപ്രമഥധിപതേ - മഹിഷാസുര മർദ്ദിനി സ്തോത്രം). ഗൃഹസ്ഥന് മാതൃക, സന്യാസികളിൽ മുമ്പൻ, വൈരാഗികളിൽ പ്രഥമൻ. പട്ടുടയാടകൾക്ക് സമം ആനത്തോലും മരവുരിയുമൊക്കെ കാണാൻ പറ്റുന്നത് (ചിലപ്പോൾ ദിഗംബരനും) ഒരു തികഞ്ഞ സന്യാസിയുടെ മാനസികാവസ്ഥ ഉള്ളതുകൊണ്ടാണ്. മറ്റുള്ളവർക്ക് മാലയണിയാൻ പാരിജാതം വരെ വേണം, ശിവന് രുദ്രാക്ഷവും പാമ്പും ചിലപ്പോൾ കങ്കാലമാലയും. ഭിക്ഷ ലഭിച്ച ഭക്ഷണം കഴിക്കുന്ന ഒരേയൊരു ദൈവവും അദ്ദേഹത്തിന്റെ പത്നിയായി മാതാ അന്നപൂർണ്ണേശ്വരിയും! തലയ്ക്കു പുറത്ത് വെള്ളവും (ഗംഗ) തലയ്ക്കകത്ത് തീയും (തൃക്കൺ തുറന്നാൽ)! എത്ര പരസ്പര വിരുദ്ധങ്ങൾ.
കിരീടത്തിൽ പതിച്ച രത്നങ്ങളെക്കാളും മഹത്വം ദേവിയുടെ കാലിലെ പൊടിപടലങ്ങൾക്കുണ്ട്. അത് അജ്ഞാനിക്ക് അന്ധകാരത്തെ നശിപ്പിക്കാനും മണ്ടന്‍ ബുദ്ധി വികസിക്കാനും ദരിദ്രന് അഭീഷ്ടലബ്ധിക്കുള്ള ചിന്താമണി രത്നമായും സംസാരത്തിൽ മുങ്ങിയവന് അതില്‍ നിന്നും ഉയർത്താൻ കഴിവുള്ള വരാഹത്തിന്റെ തേറ്റയുമാണ് (സൗന്ദര്യലഹരി 3-ാം ശ്ലോകം)
ദേവീ സ്തുതിയിൽ സ്തനത്തെപ്പറ്റി പ്രത്യേകം എടുത്തു പറയുന്നതെന്തിനാണെന്ന് ചിലരെങ്കിലും ചിന്തിച്ചിരിക്കാം. അതിനവർക്ക് വ്യക്തമായ ഉത്തരം കിട്ടിയിട്ടുണ്ടോ എന്നറിയില്ല. ഏതായാലും സ്തനം, കുചം എന്നൊക്കെ ദേവി സ്തുതിയിൽ കാണുമ്പോൾ ആ വാക്കുകൾക്ക് വെറുതെ നിഘണ്ടു കൽപിത അർത്ഥം കൊടുത്താൽ പോരാ. അത് ഭംഗിക്കുവേണ്ടി പറഞ്ഞിട്ടുള്ളതുമല്ല. ഭാവസാന്ദ്രമായിട്ടാണ് സ്തുതി രചിച്ചിട്ടുള്ളത്. ആദ്യം ശ്രദ്ധിക്കേണ്ടത് അതേ സ്തുതിയിൽ തന്നെ ദേവിയെ അമ്മയെന്ന് അഭിസംബോധന ചെയ്തിട്ടുണ്ടെന്നാണ്. രണ്ടാമത് കവി ഭാവതലത്തിൽ അതിനെ കവിതയായി, കവിഭാവനയായി അഥവാ കവി ഹൃദയമായിത്തന്നെയാണ് കാണുന്നത്. അതായത് ഉദാത്തമായ എല്ലാ കവിതാസൃഷ്ടിയും അതിൽ നിന്നു ഒഴുകി വന്നിട്ടുള്ളതായാണ് കവി കണക്കാക്കിയിരിക്കുന്നത്. സൗന്ദര്യ ലഹരി തന്നെ ഉദ്ദരിക്കുകയാണെങ്കിൽ ആദി ശങ്കരൻ പറയുന്നത് ദേവിയുടെ സ്തന്യം ഹൃദയത്തിൽ നിന്ന് അമൃത സമുദ്രം സരസവാക് സ്വരൂപമായി പ്രവഹിക്കുന്നുവെന്ന് അദ്ദേഹം കരുതുന്നുവെന്നാണ്. എന്തെന്നാൽ ദയ തോന്നി ഗിരിഗുഹയിൽ കണ്ട ഏതോ ഒരു കുഞ്ഞിനെ മുലയൂട്ടുകയാൽ ആ കുട്ടി ബാല്യത്തിലേ ഒരു മഹാ കവിയായി ശോഭിച്ചു. (സൗന്ദര്യ ലഹരി 75)
ഇനി ഈ സ്തുതിയിലെ ഒന്നാം ശ്ലോകം മൂന്നും നാലും വരികൾ നോക്കുക. ഇവിടെ കവിത്വം എന്ന് എഴുതിവെച്ചിരിക്കുന്നതും മറ്റൊന്നുമല്ല. മുലക്കച്ചയിലെ ചന്ദനഗന്ധിയായ 'കവിത്വം' പെൺകുതിരയുടെ പതിഞ്ഞ താളത്തിലും അധിക പ്രൗഢിയിലുള്ള ധാരയായി വെറ്റില മുറുക്കിത്തുപ്പിയതിലൂടെ തന്നാലും എന്നാണ് ആദ്യപ്രാർത്ഥന.
മുറുക്കിത്തുപ്പിയതിനെക്കുറിച്ചും പറയാതെ വയ്യ. അസുരന്മാരെ യുദ്ധത്തിൽ ജയിച്ച് തിരിച്ചുവന്ന് സുബ്രഹ്മണ്യനും ഇന്ദ്രനും വിഷ്ണുവും ദേവിയുടെ ഭുക്താവശിഷ്ടമായ താംബൂലകബളം സസന്തോഷം സ്വീകരിച്ച് മുഴുവനും അലിയുന്നവരെ ചവച്ചു ഭക്ഷിക്കുന്നു (സൗന്ദര്യലഹരി 65)
യോഗശാസ്ത്രപ്രകാരം ഒരു ചിന്ത വാക്കായി രൂപാന്തരപ്പെടുന്നത്, അത് ഉരുളയ്ക്കുപ്പേരി പോലെ പറഞ്ഞതാണെങ്കിലും അതല്ല ചിന്തിച്ചുറപ്പിച്ച് പറഞ്ഞതാണെങ്കിലും, അത് 4 ഘട്ടങ്ങളിലൂടെ കടന്നു പോയിട്ടാണ്. ചിന്ത രൂപപ്പെടുന്ന ആദ്യ അവസ്ഥയായ ‘പര’, അതിനെ തിരിച്ചറിയുന്ന ‘പശ്യതി’, വാക്കിലേയ്ക്ക് പരിഭാഷപ്പെടുന്ന ‘മധ്യമ’, പിന്നെ പുറത്തേയ്ക്കു വന്ന വാക്കായ ‘വൈഖരി’ എന്നിവയാണവ. വാക്ദേവി മാധ്യമത്തിന്റെ അധിഷ്ഠാന ദേവതയാണ്. പറഞ്ഞ വാക്കിന്റെ നിലവാരം, ഭാഷ, അത് തോന്നിപ്പിക്കുന്ന വികാരം എന്നിവയെല്ലാം മാധ്യമത്തില്‍ നിശ്ചയിക്കപ്പെടുന്നു. അത് പുറത്തേയ്ക്ക് പറഞ്ഞതു മാത്രമാണ് വൈഖരി. വാണീ നിന് കൃപ കാണിവേണമെന്ന് തുഞ്ചത്തെഴുത്തച്ഛന്‍ എഴുതിയത് ഇപ്പോള്‍ കൂടുതല്‍ വ്യക്തമായിട്ടുണ്ടാകുമെന്ന് കരുതുന്നു. ഇവിടെ കാളിദാസനും ഇതേ പ്രാര്‍ത്ഥനയാണ് നടത്തുന്നത്.
തിലകം എന്നും ശോഭിക്കുന്നത് ദേവിയുടെ നെറ്റിയില്‍ മാത്രമാണ്. ബ്രഹ്മാവും മരിക്കും വിഷ്ണുവും ഇന്ദ്രനും കുബേരനും എല്ലാവരും ലയിക്കും. മഹാസംഹാരത്തിനൊടുവില്‍ ദേവിയുടെ പതിയായ ശിവന് മാത്രം ശേഷിക്കും. ഇത് ദേവിയുടെ പാതിവൃത്യ മഹിമയല്ലാതെ മറ്റെന്താണ്. (സൗന്ദര്യലഹരി 26)
ഭഗ എന്ന ശബ്ദത്തിന് വിഷ്ണുപുരാണം ഇങ്ങനെ അർത്ഥം കൊടുക്കുന്നു. ഐശ്വര്യസ്യസമഗ്രസ്യ ധർമ്മസ്യ യശസ്സഃ ശ്രിയഃ ജ്ഞാനവൈരാഗ്യയോശ്ചൈവ ഷണ്ണാം ഭഗ ഇതീരണാ (ഐശ്വര്യം സമഗ്രത ധർമ്മം യശസ്സ് ശ്രീത്വം ജ്ഞാനം വൈരാഗ്യം ഇവയെല്ലാം ഉള്ളയാൾ ഭഗ എന്ന് വിളിക്കുന്നു) അതിനധിപയായവൾ ഭഗവതി.